കൊച്ചി കലൂരിലെ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് ഉമാ തോമസ് എം.എൽ.എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരേ പൊലീസ് കേസെടുത്തു. മൃദംഗമിഷനും സ്റ്റേജ് നിർമിച്ചവർക്കുമെതിരേയാണ് കേസ്. പാലാവരിവട്ടം പൊലീസാണ് കേസെടുത്തത്. ജീവന് ഭീഷണി ഉണ്ടാകും വിധം അപകടകരമായി സ്റ്റേജ് നിർമിച്ചതിനാണ് കേസ്. പൊതുസുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ വീഴ്ചവരുത്തിയതിനും കേസുണ്ട്. സംഭവത്തിൽ പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു.
കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിന്റെ് വി.ഐ.പി. ഗ്യാലറിയിൽ നിന്ന് വീണാണ് ഉമ തോമസ് എം.എൽ.എയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ലോക റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12000 നർത്തകർ അണിനിരന്ന നൃത്ത പരുപാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം. ഗ്യാലറിയുടെ മുകളിൽ നിന്നും 20 അടിയോളം താഴെയ്ക്ക് തെറിച്ചു വീണാണ് പരിക്കേറ്റത്. കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറഞ്ഞിരുന്നു.
എം.എൽ.എയുടെ ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് വന്നിരുന്നു. ആശുപത്രിയിലെത്തുമ്പോൾ അബോധാവസ്ഥയിലായിരുന്ന അവരുടെ ജി.സി.എസ് സ്കോർ 8 ആയിരുന്നെന്ന് ബുള്ളറ്റിനിൽ പറയുന്നു. നിലവിൽ രോഗി തീവ്ര പരിചരണവിഭാഗത്തിൽ കൂടുതൽ പരിശോധനകൾക്കും ചികിത്സക്കും വിധേയയായിക്കൊണ്ടിരിക്കുകയാണ്.
പരിപാടിയുടെ സംഘാടകർക്കെതിരേ ജി.സി.ഡി.എയും (ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി) അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്നും ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള പറഞ്ഞു. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കലൂർ സ്റ്റേഡിയത്തിലെ സുരക്ഷാ പ്രോട്ടോകോൾ പുതുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post