കൊടകര കുഴല്‍പ്പണ കേസ് ആരോപണത്തിലുറച്ച് ബി.ജെ.പി. മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. കൊടകര കുഴല്‍പ്പണ കേസിലെ മുഴുവന്‍ സത്യങ്ങളും പൊലീസിനോട് പറയുമെന്ന് തിരൂര്‍ സതീഷ് പറഞ്ഞു. പണം കൈകാര്യ ചെയ്തതിന്റെ തെളിവുകള്‍ കൈയിലുണ്ടെന്നും ബി.ജെ.പി. മുന്‍ ഓഫീസ് സെക്രട്ടറി പറഞ്ഞു. സാമ്പത്തിക ക്രമേക്കേടില്‍ നടപടി എടുത്തെന്ന വാദം തെറ്റാണെന്നും സതീഷ് വെളിപ്പെടുത്തി. തൃശൂര്‍ ബി.ജെ.പി. ഓഫീസില്‍ കോടികള്‍ക്ക് കാവല്‍ നിന്നെന്ന് വെളിപ്പെടുത്തിയ സതീഷ് തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി. ഓഫീസില്‍ പണമൊഴുകുകയായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. കള്ളപ്പണം കൈകാര്യം ചെയ്തത് ബി.ജെ.പി. മുന്‍ ജില്ലാ ട്രഷറര്‍ ആണെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു.
അതിനിടെ കൊടകര കുഴല്‍പ്പണത്തിന്റെ ഉറവിടം കര്‍ണാടകയിലെ ഉന്നതനെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യം പ്രത്യേക അന്വേഷണസംഘം ഇ.ഡിക്ക് നല്കിയ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. സംസ്ഥാനത്തെ മൂന്ന് ബി.ജെ.പി. നേതാക്കളുടെ പേരും ഇതില്‍ ഉണ്ട്. ബംഗളൂരുവില്‍ നിന്ന് കോടികള്‍ സംഘടിപ്പിച്ച് കൊടുത്തത് ബെംഗളൂരുവിലെ ഉന്നതനാണെന്നാണ് വിവരം. ടവര്‍ ലൊക്കേഷനുകളടക്കമുള്ള നിര്‍ണായക വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലേക്ക് ഒഴുകിയത് 41 കോടി 20 ലക്ഷം രൂപയാണെന്നും പുറത്തുവരാത്ത റിപ്പോര്‍ട്ടിലുണ്ട്.കേസില്‍ അന്വേഷണവുമായി മുന്നോട്ട് പോയാല്‍ പല ബി.ജെ.പി. നേതാക്കളിലേക്കും എത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് മനസിലാകുന്നത്. പണം നല്കിയ ഉന്നതനിലേക്കും അന്വേഷണം എത്തും. പണം നല്കിയ ആ ഉന്നതന് ആരാണ് എന്നത് സംസ്ഥാന പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇ.ഡിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
2021 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും കൊടകര മോഡല്‍ പണം എത്തിയെന്ന് ജെ.ആര്.പി നേതാവ് പ്രസീത അഴീക്കോട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഇടപാട് നടന്നത്. ബത്തേരിയില്‍ എത്തിയത് മൂന്നര കോടി രൂപയാണ്. ബി.ജെ.പി വയനാട് ജില്ലാ പ്രസിഡന്റായ പ്രശാന്ത് മലവയലിന്റെ സംഘം മഞ്ചേശ്വരത്തുനിന്ന് വയനാട്ടിലേക്ക് പണം കടത്തി. തെളിവുകള്‍ ലഭിച്ചിട്ടും പരാതി പൂഴ്ത്തിയെന്നും പ്രസീത അഴീക്കോട് ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു.
കൊടകര കള്ളപ്പണക്കേസില്‍ മറച്ചുവച്ച കാര്യങ്ങള്‍ പുറത്ത് വരികയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു. സി.പി.എം.- ബി.ജെ.പി. ബാന്ധവം വ്യക്തമാകുന്നുണ്ട്. കേരള പൊലീസിന് നേരത്തെ അറിയുന്ന കാര്യങ്ങളാണ് ഇതെന്നും പക്ഷേ പൊലീസ് പുറത്ത് വിട്ടിട്ടില്ലെന്നും സതീശന് പറഞ്ഞു. മഞ്ചേശ്വരം കോഴ കേസിലും ഒത്തുകളി നടന്നുവെന്നും സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post