കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തിന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ (ഡി.ജി.പി) നിയമോപദേശം. തിരൂര്‍ സതീഷിന്റെ മൊഴി രേഖപ്പെടുത്താനാണ് നിര്‍ദേശം. ഈ മൊഴിയെ അടിസ്ഥാനമാക്കി മുന്നോട്ടു പോകാമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു.
കവര്‍ച്ചാക്കേസുമായി ബന്ധപ്പെടുത്തി ഇതന്വേഷിച്ചാല്‍ ഭാവിയില്‍ അതിന്റെ സാധുത കോടതിയില്‍ ചോദ്യം ചെയ്യപ്പെടും എന്നുറപ്പാണ്. ഇതിനുകൂടി മറുപടി തേടിക്കൊണ്ടാണ് പൊലീസ് നിയമോപദേശം തേടിയത്. കവര്‍ച്ചാക്കേസിനെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൊണ്ടുവന്ന ഹവാലപ്പണവുമായി ബന്ധപ്പെടുത്തി എങ്ങനെ അന്വേഷിക്കും എന്നതിലാണ് ഡി.ജി.പി. ഓഫീസിനോട് അഭിപ്രായം തേടുന്നത്. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസില്‍ പുതിയ സാഹചര്യം കോടതിയെ ധരിപ്പിച്ച് മാത്രമേ പൊലീസിന് മുന്നോട്ടുപോകാനാകൂ. കവര്‍ച്ച ചെയ്യപ്പെട്ട പണം ഹവാല ഇടപാടിലൂടെ വന്നതാണെന്ന് നേരത്തെയുള്ള റിപ്പോര്‍ട്ടിലുണ്ട്. കൂടുതല്‍ കോടികള്‍ എത്തിയെന്ന തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തുടരന്വേഷണം എതൊക്കെ തലങ്ങളില്‍ എങ്ങനെ വേണം എന്നതാണ് പരിശോധിക്കുന്നത്.
ഇതിനിടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്ത് പലയിടങ്ങളിലായി ബിജെപിക്കായി ഹവാലപ്പണം എത്തിച്ചെന്ന ഇടനിലക്കാരന്റെ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങളും പുറത്തുവന്നു.
Discussion about this post