കൊല്ലം കലക്ടറേറ്റ് വളപ്പിൽ മുൻസിഫ് കോടതിക്കു സമീപം ബോംബ് സ്ഫോടനം നടത്തിയ കേസിൽ മൂന്നു പ്രതിക്കും ജീവപര്യന്തം. ബേസ് മൂവ്മെന്റ് പ്രവർത്തകരായ മധുര നെല്ലൂർ ഇസ്മയിൽപുരം നാലാം തെരുവിൽ അബ്ബാസ് അലി (33, ലൈബ്രറി അലി), വിശ്വനാഥ് നഗർ സ്വദേശി ഷംസുൻ കരിംരാജ (28, കരീം), മധുര നെൽപ്പട്ട കെ പുതുർ കരിംഷാ മസ്ജിദിനു സമീപം ഒന്നാംതെരുവിൽ ദാവൂദ് സുലൈമാൻ (28, ദാവൂദ്) എന്നിവരാണ് പ്രതികൾ. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
നാലാം പ്രതിയെ തെളിവുകൾ ഇല്ലാത്തതിനാൽ വിട്ടയച്ചിരുന്നു. അഞ്ചാംപ്രതി മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കി.
2016 ജൂൺ 15നു രാവിലെ 10.45ന് ആയിരുന്നു സ്ഫോടനം. ഐ.ഇ.ഡി. (ഇംപ്രവൈസ്‌ഡ് എക്സ് പ്ലോസീവ് ഡിവൈസ്) ബോംബ് ടിഫിൻ ബോക്സിൽ കവർചെയ്ത് കലക്ടറേറ്റ് വളപ്പിൽ കിടന്ന ജീപ്പിൽ വയ്ക്കുകയായിരുന്നു. തമിഴ്നാട് കീഴവേളിയിൽ അബ്ബാസ് അലി നടത്തിയിരുന്ന ദാറുൾ ഇലം ലൈബ്രറിയിലാണ് ബേസ് മൂവ്മെന്റ് ഭീകരവാദ സംഘടനയ്ക്ക് രൂപം നൽകിയത്. മറ്റു പ്രതികളെ ആകർഷിക്കാൻ ബിൻലാദൻ ആശയങ്ങൾ പ്രചരിപ്പിച്ചു. രാജ്യത്ത് കോടതികൾ പ്രവർത്തിക്കുന്ന ഇടങ്ങളിൽ ബോംബ് സ്ഫോടനം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. മലപ്പുറം കലക്ടറേറ്റ്, നെല്ലൂർ, ചിറ്റൂർ, മൈസൂർ എന്നിവിടങ്ങളിലും ഇവർ സ്ഫോടനം നടത്തി.
Discussion about this post