കൊല്ലം ചെമ്മാംമുക്കില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയതിനു പിന്നില്‍ ഭര്‍ത്താവിന്റെ സംശയരോഗമാണ് കാരണമെന്ന് പൊലീസിന്റെ എഫ്.ഐ.ആര്.അനിലയും ബേക്കറി നടത്തിപ്പില്‍ പങ്കാളിയായ ഹനീഷും തമ്മിലുള്ള സൗഹൃദം പ്രതി പത്മരാജന് എതിര്‍ത്തിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് എഫ.്ഐ.ആറില്‍ പറയുന്നത്. ഇരുവരും തമ്മിലെ സൗഹൃദത്തിലുള്ള വൈരാഗ്യമാണ് കൊല നടത്തുന്നതിന് കാരണമായതെന്നാണ് ഭര്‍ത്താവ് പത്മരാജന് പൊലീസിന് നല്കിയ മൊഴി.
പിടിയിലായ അനിലയുടെ ഭര്‍ത്താവ് പത്മരാജന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതക കുറ്റത്തിനൊപ്പം യുവാവിനെ ആക്രമിച്ചതിന് വധശ്രമ കുറ്റവും ചുമത്തും.
ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ബേക്കറി ഉടമയായ അനിലയും ജീവനക്കാരനായ സോണിയും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ് നിര്‍ത്തി പത്മരാജന് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അനില സംഭവ സ്ഥലത്തു തന്നെ മരിച്ചു.കൈയ്ക്കും കാലിനും പൊള്ളലേറ്റ സോണി ചികിത്സയിലാണ്.
ഭാര്യയെ കൊലപ്പെടുത്തിയതില്‍ യാതൊരു മാനസികപ്രയാസവുമില്ലെന്നുമാണ് പത്മരാജന് പൊലീസിന് നല്കിയ മൊഴി. 14 വയസുള്ള മകളെ ഓര്‍ത്തുമാത്രമാണ് തനിക്ക് വിഷമമുള്ളത്. സോണിയെ ആക്രമിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. അനിലയുടെ ബേക്കറിയിലെ പാര്‍ട്ണറും സുഹൃത്തുമായ അനീഷുമായുള്ള സൗഹൃദം അവസാനിപ്പിക്കാന്‍ പത്മരാജന് ഭാര്യയോട് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അനില ഇതിന് കൂട്ടാക്കിയില്ല. കഴിഞ്ഞദിവസം ബേക്കറിയില്‍വച്ച് അനീഷ് തന്നെ മര്‍ദിച്ചതായാണ് പത്മരാജന്റെ മൊഴി. അനിലയുടെ മുന്നില്‍വച്ചായിരുന്നു മര്‍ദനം. കണ്മുന്നിലിട്ട് തന്നെ അനീഷ് മര്‍ദിച്ചിട്ടും ഭാര്യ അനീഷിനെ പിടിച്ചുമാറ്റാന്‍ പോലും തയാറായില്ലെന്നും ഇത് വലിയ മാനസിക വിഷമമുണ്ടാക്കിയെന്നും പത്മരാജന് പൊലീസിനോട് പറഞ്ഞു.
നായേഴ്സ് ഹോസ്പിറ്റലിനു സമീപം മൂന്നുമാസം മുമ്പ് തുടങ്ങിയ ബേക്കറി പൂട്ടി കാറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു അനില. അനിലയ്ക്കൊപ്പം ബേക്കറിയിലെ പാര്‍ട്ണറായ അനീഷ് ആണെന്ന് കരുതിയാണ് പത്മരാജന് ആക്രമണം നടത്തിയത്. അനിലയും സുഹൃത്തായ അനീഷും തമ്മിലുള്ള സൗഹൃദം പത്മരാജന് ഇഷ്ടമായിരുന്നില്ല. അതിനാലാണ് ഇരുവരെയും കൊലപ്പെടുത്താന്‍ പ്രതി പദ്ധതിയിട്ടതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അനിലയുടെ കാറും പത്മരാജന്റെ കാറും പൂര്‍ണമായും കത്തിനശിച്ചിരുന്നു. കൃത്യം നടത്തിയ ശേഷം പ്രതി ഓട്ടോ വിളിച്ച് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
Discussion about this post