ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് സംസ്ഥാനത്ത് പൊതു സ്ഥലങ്ങളിൽ അനുമതി ഇല്ലാതെ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നീക്കി പിഴ ഈടാക്കിയപ്പോൾ സംസ്ഥാന ഖജനാവിലേക്ക് വന്നത് 7,58,400 രൂപ. 33,238 ബോർഡും 7837 ബാനറും 6604 കൊടികളും 2535 ഹോർഡിങ്ങുകളുമാണ് പത്ത് ദിവസത്തിനിടെ നീക്കിയത്.
ഏറ്റവും കൂടുതൽ പിഴയീടാക്കിയത് എറണാകുളത്താണ് 5,38,000 രൂപ. 500 രൂപ പിഴയായി ലഭിച്ച ആലപ്പുഴയിലാണ് ഏറ്റവും കുറവ് തുകയീടാക്കിയത്.
പ്രധാനറോഡുകളിലും നടപ്പാതകളിലും സ്ഥാപിച്ച അനധികൃത ബോർഡുകൾ നീക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. അനധികൃത ബോർഡുകളും ബാനറുകളും കൊടികളും നീക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ച സമയം ബുധനാഴ്ചയാണ് അവസാനിച്ചത്. റവന്യു വിഭാഗം, ആരോഗ്യവിഭാഗം, ശുചീകരണ തൊഴിലാളികൾ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് അനധികൃത ബോർഡുകളും ബാനറുകളും നീക്കിയത്.
തിരുവനന്തപുരം 4559, കൊല്ലം 3462, പത്തനംതിട്ട 2213, ആലപ്പുഴ 7178, കോട്ടയം 4470, ഇടുക്കി 1004, എറണാകുളം 8417, തൃശൂർ 2712, പാലക്കാട് 4621, മലപ്പുറം 4559, കോഴിക്കോട് 3427, വയനാട് 1366, കണ്ണൂർ 765, കാസർകോഡ് 892 എന്നിങ്ങനെയാണ് ഓരോ ജിലുകളിലും നിരത്തുകളിൽ നിന്ന് നീക്കം ചെയ്ത ബോർഡുകളുടെ എണ്ണം.
Discussion about this post