ബഹിരാകാശ രംഗത്ത് വീണ്ടും ചിത്രനേട്ടം കൈവരിച്ച് ഐ.എസ്.ആർ.ഒ. രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സ് ദൗത്യത്തിലെ ചേസർ, ടാർഗറ്റ് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് കൈകൊടുത്ത് ഇന്ന് രാവിലെ ഒന്നായി മാറി. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് കൂട്ടിച്ചേർക്കാൻ ഐ.എസ്.ആർ.ഒയ്ക്കായത്. ഈ നേട്ടം കൈവരിക്കുന്ന ലോകത്ത നാലാമത്തെ രാജ്യമാണ് ഇന്ത്യ.
2024 ഡിസംബർ 30നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പി.എസ്.എൽ.വി- സി60 ലോഞ്ച് വെഹിക്കിളിൽ രണ്ട് സ്പേഡെക്സ് സാറ്റലൈറ്റുകൾ ഐ.എസ്.ആർ.ഒ. വിക്ഷേപിച്ചത്. എസ്.ഡി.എക്സ് 01- ചേസർ, എസ്.ഡി.എക്സ് 02- ടാർഗറ്റ് എന്നിങ്ങനെയായിരുന്നു ഈ ഉപഗ്രഹങ്ങളുടെ പേരുകൾ. ജനുവരി 6ന് ഇവയുടെ ഡോക്കിംഗ് പരീക്ഷണം നടത്താനായിരുന്നു ഇസ്രോ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഈ ശ്രമം 9-ാം തിയതിയിലേക്ക് നീട്ടിവച്ചു. ഒൻപതാം തിയതി ചേസർ, ടാർഗറ്റ് ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 500 മീറ്ററിൽ നിന്ന് 225 മീറ്ററിലേക്ക് കുറച്ചുകൊണ്ടുവരുന്നതിനിടെ വീണ്ടും സാങ്കേതിക പ്രശ്നം നേരിട്ടതിനാൽ ഡോക്കിംഗ് പരീക്ഷണം രണ്ടാമതും നീട്ടുന്നതായി അറിയിക്കുകയായിരുന്നു. ഏറെ കരുതലോടെയാണ് ഡോക്കിംഗിനായുള്ള മൂന്നാം ശ്രമം ആരംഭിച്ചത്.
പതിനൊന്നാം തിയതിയിലെ മൂന്നാം പരിശ്രമത്തിൽ 500 മീറ്ററിൽ നിന്ന് 230 മീറ്ററിലേക്കും 105 മീറ്ററിലേക്കും 15 മീറ്ററിലേക്കും 3 മീറ്ററിലേക്കും അനായാസം ഉപഗ്രഹങ്ങളെ കൊണ്ടുവന്നു. എന്നാൽ ഇതൊരു ട്രയൽ മാത്രമായിരുന്നു എന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു. തുടർന്ന് ഉപഗ്രഹങ്ങളെ വീണ്ടും സുരക്ഷിതമായ അകലത്തിലേക്ക് മാറ്റുകയും ചെയ്തു. ഒടുവിൽ ഇന്ന് രാവിലെ സ്പേഡെക്സ് സ്പേസ് ഡോക്കിംഗ് പരീക്ഷണം വിജയത്തിലെത്തിയെന്ന് ഇസ്രോ അറിയിക്കുകയായിരുന്നു. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ അടക്കമുള്ള പദ്ധതികൾക്ക് ഇസ്രോയ്ക്ക് അനിവാര്യമായ സാങ്കേതികവിദ്യയാണ് സ്പേസ് ഡോക്കിംഗ്.
Discussion about this post