നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതെ നാടകവുമായി ബോബി ചെമ്മണ്ണൂർ. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരെ അറിയിച്ച് കോടതിയെ തന്നെ കളിയാക്കുകയാണ്. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് ഈ നീക്കമെന്നാണ് ബോബി ചെമ്മണ്ണൂർ പറയുന്നത്. ഇത്തരത്തിലുള്ള തടവുകാർ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലിൽ തുടരുമെന്ന് ബോബി ചെമ്മണ്ണൂർ അറിയിച്ചു.
ബോബി ചെമ്മണ്ണൂർ ഇന്ന് ജയിലിൽ തുടരും. എന്നാൽ നാളെ പുറത്തിറങ്ങുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സമാനമായ കേസുകളിൽ ഉൾപ്പെടരുതെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ മജിസ്ട്രേറ്റ് ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ വ്യവസ്ഥയിൽ ഹൈക്കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണമെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും ജാമ്യ ഉത്തരവിൽ കോടതി പറയുന്നു.
ബോഡി ഷെയ്മിംഗ് സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നല്ലെന്നും മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് പരാമർശങ്ങൾ നടത്തുന്നത് ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു. മറ്റൊരു പുരുഷനെ കുറിച്ചോ സ്ത്രീയെ കുറിച്ചോ ഇത്തരം പരാമർശങ്ങൾ പൊതുസമൂഹത്തിൽ ഒഴിവാക്കണം. സമാനമായ രീതിയിലുള്ള പരാമർശങ്ങൾ നടത്തില്ലെന്ന് പ്രതിഭാഗം വാദം നിലവിൽ അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
അമേരിക്കൻ മോട്ടിവേഷണൽ സ്പീക്കർ ആയ ഡോക്ടർ സ്റ്റീവ് മറബോളിയുടെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമർശങ്ങൾ. ഒരു സ്ത്രീയുടെ രൂപം കണ്ടാണ് നിങ്ങൾ അവളെ വിലയിരുത്തുന്നതെങ്കിൽ, നിങ്ങൾക്ക് തെറ്റി, അത് നിങ്ങളെ തന്നെയാണ് വിലയിരുത്തുന്നതെന്നും ഉത്തരവിൽ പറയുന്നു. വ്യത്യസ്തമായ ശരീരപ്രകൃതി ഉള്ളവരാണ് മനുഷ്യർ, ചിലർ തടിച്ചവരാകാം ചിലർ മെലിഞ്ഞവരാകാം, പക്ഷേ അതിന്റെ പേരിൽ ബോഡി ഷെയ്മിംഗ് നടത്തുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post