അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റു. അധികാരമേറ്റതിന് പിന്നാലെ അതിപ്രധാന ഉത്തരവുകളിലാണ് അദ്ദേഹം ഒപ്പിട്ടത്. കാപിറ്റോള്‍ കലാപത്തിലെ 1600 പ്രതികള്‍ക്ക് മാപ്പ് നല്‍കിയും ലോകാരോഗ്യ സംഘടനയില്‍ നിന്നും കാലാവസ്ഥ സംരക്ഷണത്തിനുള്ള പാരീസ് കരാറില്‍ നിന്നും അമേരിക്ക പിന്മാറുന്നതും കുടിയേറ്റം തടയാന്‍ മെക്‌സിക്കോ അതിര്‍ത്തിയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതും ഉള്‍പ്പെടെയുള്ള ഉത്തരവുകളാണ് ഒപ്പിട്ടത്. കൂടാതെ മുന്‍ പ്രസിഡന്റ് ബൈഡന്റെ കാലത്തെ എഴുപതോളം ഉത്തരവുകള്‍ റദ്ദാക്കുകയും ചെയ്തു.
ആദ്യദിനം 200 ഓളം എക്‌സിക്യൂട്ടീവ് ഉത്തരവുകളിലാണ് ട്രംപ് ഒപ്പുവച്ചത്. ദരിദ്ര രാജ്യങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി സമ്പന്ന രാജ്യങ്ങളില്‍ നിന്നുള്ള ഫണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നതാണ് രീതി. ഇതില്‍ നിന്നും അമേരിക്ക പിന്‍മാറുന്നതോടെ ലോകാരോഗ്യസംഘടനയുടെ പ്രവര്‍ത്തനം തന്നെ താളംതെറ്റും. മറ്റൊരു പ്രധാനപ്പെട്ട ഉടമ്പടിയാണ് പൊതുമാപ്പ് നല്‍കാനുള്ള തീരുമാനം. നാലുവര്‍ഷം മുമ്പ് ട്രംപിന്റെ പരാജയം അംഗീകരിക്കാന്‍ സമ്മതിക്കാതെ ക്യാപിറ്റോള്‍ മന്ദിരത്തിലേക്ക് ഇരച്ചുകയറി സംഘര്‍ഷമുണ്ടാക്കിയ തന്റെ അനുയായികള്‍ക്ക് മാപ്പ് നല്‍കിയിരിക്കുകയാണ്. പ്രസിഡന്റിന്റെ സവിശേഷ അധികാരം ഉപയോഗിച്ചാണ് ട്രംപിന്റെ നടപടി. ജനുവരി 6 നായിരുന്നു ക്യാപിറ്റോള്‍ മന്ദിര കലാപം നടന്നത്. ഈ കലാപത്തില്‍ ശിക്ഷിക്കപ്പെട്ട 1600 ഓളം പേരെ വിട്ടയക്കാനാണ് തീരുമാനം. ഇവര്‍ക്ക് മാപ്പ് നല്‍കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പ് വച്ചതായാണ് റിപ്പോര്‍ട്ട്. അമേരിക്കയുടെ മെക്‌സിക്കോ അതിര്‍ത്തിയില്‍ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപന ഉത്തരവിലും ട്രംപ് ഒപ്പ് വച്ചു. ഇനി ഈ മേഖലയിലേക്ക് സൈന്യത്തെ വിന്യസിക്കാന്‍ കഴിയും. സര്‍ക്കാര്‍ ജീവനക്കാരെ ഏത് സമയത്തും പിരിച്ചുവിടാനുള്ള അവസ്ഥയിലേക്ക് അവരുടെ സേവന വ്യവസ്ഥകള്‍ മാറ്റുന്ന ഉത്തരവുകളിലും ട്രംപ് ഒപ്പുവച്ചു.
Discussion about this post