യു.എസിന്റെ 47ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു. വിസ്കോണ്‍സില്‍ ലീഡ് ചെയ്യുന്ന സീറ്റുകള്‍കൂടി ചേര്‍ത്താണ് വിജയിക്കാനാവശ്യമായ 270 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ എന്ന മാജിക് നമ്പര്‍ ട്രംപ് കടന്നത്. തുടര്‍ച്ചയായി അല്ലാതെ രണ്ടുതവണ പ്രസിഡന്റാവുന്ന രണ്ടാമത്തെയാളാണ് ട്രംപ്.
സെനറ്റര്‍ ജെ.ഡി. വാന്‍സ് യു.എസിന്റെ 50-ാം വൈസ് പ്രസിഡന്റാവും. 538ല്‍ 267 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ട്രംപ് നേടിയിരിക്കുന്നത്. വിസ്കോണ്‍സില്‍ ലീഡ് ചെയ്യുന്ന 10 സീറ്റുകള്‍കൂടി ചേര്‍ത്താണ് ട്രംപ് 277 എന്ന അക്കത്തിലെത്തുന്നത്. ഇലക്ടറല്‍ കോളേജിന് പുറമേ, പോപ്പുലര്‍ വോട്ടുകളും സെനറ്റും നേടിയാണ് ഇത്തവണ ട്രംപ് അധികാരത്തിലെത്തുന്നത്. 2016ല്‍ പ്രസിഡന്റായ ട്രംപ് ഇലക്ടറല്‍ കോളേജ് വോട്ടിന്റെ ബലത്തിലാണ് അമേരിക്കയുടെ പ്രഥമ പൗരനായത്. നാലുവര്‍ഷം പൂര്‍ത്തിയാക്കി 2020 തിരഞ്ഞെടുപ്പിനെ നേരിട്ട ട്രംപ് നിലവിലെ പ്രസിഡന്റ് ജോ ബൈഡനോട് പരാജയപ്പെട്ടിരുന്നു.
അമേരിക്ക അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കുമെന്ന് വിജയത്തിനു ശേഷം ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കയുടെ സുവര്‍ണകാലഘട്ടമാണ് വരാന്‍പോകുന്നതെന്നും അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍ അത് അവസരമൊരുക്കുമെന്നും അവകാശപ്പെട്ടു. പ്രസിഡന്റ് പദം ഉറപ്പിച്ചതിന് പിന്നാലെയാണ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. ആളുകള്‍ ഇങ്ങോട്ട് വരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, പക്ഷേ അവര്‍ നിയമപരമായി വേണം വരാന്‍. അമേരിക്കയ്ക്കുള്ളത് ചൈനയ്ക്കില്ല. ഏറ്റവും മഹത്തുക്കളായ ജനങ്ങളാണ് അമേരിക്കയ്ക്കുള്ളത്. അതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ആ ഒരു കാര്യത്തിനായാണ് ദൈവം എന്റെ ജീവനെടുക്കാതിരുന്നത്. നമ്മുടെ രാജ്യത്തെ സേവിക്കുക, അമേരിക്കയെ വീണ്ടും മഹത്തരമാക്കുക എന്നതാണ് ആ കാര്യം. ഒരുമിച്ച് ആ ദൗത്യം പൂര്‍ത്തീകരിക്കും- ട്രംപ് പറഞ്ഞു.
Discussion about this post