ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് തുടങ്ങി. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികളാണുള്ളത്. ഒന്നരക്കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്.
ക്രമസമാധാനപാലനത്തിനായി പൊലീസിനുപുറമേ കേന്ദ്രസേനകളും രംഗത്തുണ്ട്. വോട്ടുചെയ്തവർക്ക് ബുധനാഴ്ച പ്രത്യേക ഓഫറുകൾ നൽകാൻ ചേംബർ ഓഫ് ട്രേഡ്സ് ആൻഡ് ഇൻഡസ്ട്രീസ് തീരുമാനിച്ചു. ആം ആദ്മി പാർട്ടി തുടർഭരണത്തിനും പ്രതിപക്ഷത്തെ ബി.ജെ.പിയും കോൺഗ്രസും സർക്കാരുണ്ടാക്കാനും ശക്തമായ പോരാട്ടമാണ് ഡൽഹിയിൽ നടക്കുന്നത്.
ശനിയാഴ്ച്ചയാണ് വോട്ടെണ്ണൽ. നേരത്തേ പെരുമാറ്റച്ചട്ട ലംഘനത്തിന് മുഖ്യമന്ത്രി അതിഷിയുടെ പേരിൽ ഡൽഹി പൊലീസ് കേസെടുത്തു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ് കേസ്.
വോട്ടർമാരെ ബി.ജെ.പി. ഭീഷണിപ്പെടുത്തുന്നത് തടയാൻ എ.എ.പി. രഹസ്യക്യാമറകൾ ഇറക്കിയിട്ടുണ്ടെന്ന് കെജ്രിവാൾ പറഞ്ഞു. ബി.ജെ.പിയുടെ ഗുണ്ടായിസത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം കേന്ദ്രവുമായി പോരടിച്ച് എ.എ.പി. സർക്കാർ വികസനം മുടക്കുകയാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു.
Discussion about this post