ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചിനാണ് വോട്ടെടുപ്പ്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ്കുമാറാണ് തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.
ഒരൊറ്റഘട്ടമായാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജനുവരി 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ജനുവരി 18-ന് സൂക്ഷ്മപരിശോധന. ജനുവരി 20 ആണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം ഉത്തർപ്രദേശിലെ മിൽക്കിപൂർ, തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കും.
ഡൽഹിയിലെ 70 നിയമസഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഇതിൽ 12 എണ്ണം സംവരണ സീറ്റുകളാണ്. ആകെ 13,033 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 70 ബൂത്തുകൾ പൂർണമായും വനിത ഉദ്യോഗസ്ഥരായിരിക്കും കൈകാര്യംചെയ്യുക. 2.08 ലക്ഷം പുതിയ വോട്ടർമാരാണ് ഡൽഹിയിലുള്ളതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ അറിയിച്ചു.
2020-ൽ 70-ൽ 62 സീറ്റുകൾ നേടി ആംആദ്മി പാർട്ടിയാണ് ഡൽഹിയിൽ ഭരണത്തിലെത്തിയത്.
Discussion about this post