സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 17 സീറ്റുകളിൽ വിജയിച്ചപ്പോൾ എൽ.ഡി.എഫ് 11 സീറ്റുകൾ നേടി. ബി.ജെ.പിക്ക് മൂന്ന് സീറ്റുകളിൽ വിജയിക്കാനായി.
എൽ.ഡി.എഫ് 15, യു ഡി.എഫ് 13, ബി.ജെ പി മൂന്ന് എന്നിങ്ങനെയായിരുന്നു തിരഞ്ഞെടുപ്പിനുള്ള മുമ്പുള്ള സ്ഥിതി. സീറ്റുകൾ നഷ്ടമായ ഇടതുപക്ഷത്തിന് തൃശൂർ ജില്ലയിലെ നാട്ടിക, പാലക്കാട് ജില്ലയിലെ തച്ചമ്പാറ, ഇടുക്കി കരിമണ്ണൂർ പഞ്ചായത്തുകളിൽ ഭരണവും നഷ്ടമാകും.
നാട്ടികയിൽ ഇതുവരെ എൽ.ഡി.എഫ് അഞ്ച്, യു.ഡി.എഫ് അഞ്ച് എന്ന അവസ്ഥയായിരുന്നു. ഇപ്പോൾ യു.ഡി.എഫിന് ആറുസീറ്റ് ലഭിച്ചിരിക്കുകയാണ്. നാട്ടിക ഒൻപതാം വാർഡാണിപ്പോൾ യു.ഡി.എഫ് തിരിച്ചു പിടിച്ചിരിക്കുന്നത്.
ഇടുക്കി കരിമണ്ണൂർ പഞ്ചായത്തിൽ പന്നൂർ വാർഡാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. 127 വോട്ടുകൾക്കാണ് യു.ഡി.എഫിലെ ദിലീപ് കുമാർ വാർഡ് പിടിച്ചെടുത്തത്. യു.ഡി.എഫിലെ ഒരംഗം കൂറുമാറിയതിനെ തുടർന്നാണിവിടെ ഭരണം നഷ്ടമായത്. പാലാക്കാട് തച്ചമ്പാറയിൽ ഏഴ്-ഏഴ് എന്ന നിലയിലാണ് യു.ഡി.എഫും എൽ.ഡി.എഫും നിലനിന്നത്. ഇപ്പോഴത് യു.ഡി.എഫിന് എട്ട് സീറ്റായി മാറി.
Discussion about this post