തമിഴ്‌നാട്ടിലെ വിരുദനഗറില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണപ്പെട്ടവരെല്ലാം ഫാക്ടറിയിലെ തൊഴിലാളികളാണ്.
വിരുദുനഗറിലെ സത്തൂരില്‍ പ്രവര്‍ത്തിക്കുന്ന സായ്‌റാം ഫയര്‍വര്‍ക്‌സ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ ഫാക്ടറിയിലെ നാല് മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടകാരണം കണ്ടെത്താനായിട്ടില്ല. ഷോട്ട് സര്‍ക്യൂട്ടോ പടക്കനിര്‍മാണ സാമഗ്രികള്‍ തമ്മില്‍ ഉരസിയപ്പോഴുണ്ടായ തീപ്പൊരിയോ ആകാം അപകടകാരണമെന്നാണ് സംശയിക്കുന്നത്.
35 മുറികളിലായി 80 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. പല നിലകളിലായി 35 മുറികളാണ് ഇവിടെയുണ്ടായിരുന്നത്. ജോലി ചെയ്യുന്നതിനിടയിലാണ് രാവിലെ പൊട്ടിത്തറി ഉണ്ടായത്. നാല് മുറികള്‍ പൂര്‍ണമായും നശിച്ച നിലയിലാണ്. ആറ് മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. എത്ര പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന കാര്യത്തില്‍ സ്ഥിരീകരണമെത്തിയിട്ടില്ല. ശിവകാശിയിലെയും മാത്തൂരിലെയും ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Discussion about this post