താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്ത് നടത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡിസംബർ, ജനുവരി മാസങ്ങളിലാണ് അദാലത്ത്. കലക്ടറേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട വകുപ്പിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും അദാലത്ത്.
അദാലത്തുകളുടെ നടത്തിപ്പ്, സംഘാടനം എന്നിവയ്ക്ക് ജില്ലാ കലക്ടറെയും അദാലത്ത് നടത്തുന്നതിനുള്ള വിശദമായ മാർഗരേഖ പുറപ്പെടുവിക്കാൻ ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തി.
മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 ഏപ്രിൽ- മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ വീണ്ടും അദാലത്ത് സംഘടിപ്പിക്കുന്നത്.
Discussion about this post