ചൈനയുടെ സ്വയംഭരണ പ്രദേശമായ തിബറ്റിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ 126പേർ മരിച്ചു. 200 ൽ അധികം പേർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച രാവിലെ 6.35 നാണ് (ബീജിങ് സമയം രാവിലെ 9.05) 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നേപ്പാളിലെ ലൊബൂചെയ്ക്ക് 93 കിലോമീറ്റർ വടക്കുകിഴക്കാണ് പ്രഭവകേന്ദ്രമെന്ന് ചൈന എർത്ത്ക്വേക്ക്സ് നെറ്റ്വർക്ക് സെൻ്റർ സ്ഥിരീകരിച്ചു. ബിഹാർ, കൊൽക്കത്ത അടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി.
നാഷണൽ സെൻ്റർ ഫോർ സീസ്മോളജി (എൻ.സി.എസ്) റിപ്പോർട്ട് അനുസരിച്ച്, രാവിലെ 6.35 നാണ് 7.1 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം ഉണ്ടായത്. തൊട്ടുപിന്നാലെ രണ്ട് പ്രകമ്പനങ്ങൾ കൂടി ഉണ്ടായി. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം രാവിലെ 7.02 നും 4.9 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനം 7. 07 നുമാണ് ഉണ്ടായത്. കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തിൽ പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ ചികിത്സയും ഉടൻ ഉറപ്പുവരുത്താനും എല്ലാവരെയും കണ്ടെത്തുംവരെ തിരച്ചിൽ നടത്താനും നിർദേശം നൽകിയതായി ചൈന പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞു.
Discussion about this post