തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി കൂപ്പൺ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറുപേർ മരിക്കാൻ ഇടയായത് കൗണ്ടറിനുമുന്നിലേക്ക് ആളുകൾ തള്ളികയറിത്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു. നിരവധിപേർക്ക് പരിക്കേറ്റു.
വെള്ളിയാഴ്ചയാഴ്ചയാണ് പത്തുദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക വൈകുണ്ഠ ദ്വാരക ദർശനം നടക്കുന്നത്. ഇതിനായി 59 കൗണ്ടറുകൾ തുറന്നിരുന്നു. ടോക്കൺ വാങ്ങുന്നതിനായി 4000-ലേറെ പേരാണ് വരി നിന്നിരുന്നത്. ഇതിനിടെ ബൈരാഗി പട്ടിഡ പാർക്കിൽ സജ്ജീകരിച്ചിരുന്ന ടോക്കൺ കൗണ്ടറിനുമുന്നിലെ വരിയിൽ നിന്നിരുന്ന മല്ലിക എന്ന സ്ത്രീ കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിലെത്തിക്കാനായി ഗേറ്റ് തുറന്നപ്പോൾ മറുഭാഗത്തുനിന്നുള്ള ഭക്തർ കൂട്ടമായി ഇവിടേക്ക് ഇരച്ചെത്തുകയായിരുന്നു. തുടർന്നാണ് വൻതോതിൽ തിക്കും തിരക്കുമുണ്ടായതും ആളുകൾ മരിച്ചതും. മരിച്ച ആറുപേരിലൊരാൾ മല്ലികയാണ്.
“തിക്കിലും തിരക്കിലും പെട്ട് ആറ് ഭക്തർ മരിക്കുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സാധ്യമായ മികച്ച ചികിത്സാ സഹായമാണ് ചെയ്തുവരുന്നത്. ഭക്തരോട് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. അന്വേഷണം നടത്തി ഉചിതമായ നടപടികളെടുക്കും.” തിരുമല തിരുപ്പതി ദേവസ്ഥാനം ബോർഡ് അംഗം ഭാനു പ്രകാശ് റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.
അപകടത്തിൻ്റെ വിവിധ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യാഴാഴ്ച ക്ഷേത്രം സന്ദർശിക്കുന്നുണ്ട്.
Discussion about this post