ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് 179 യാത്രക്കാർ മരിച്ചു. രണ്ടു പേരെ മാത്രമാണ് വിമാനത്തിൽ നിന്ന് ജീവനോടെ രക്ഷിക്കാനായത്. രക്ഷപ്പെട്ടവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
തായ്ലൻഡിൽനിന്നും 181 യാത്രക്കാരുമായെത്തിയ മുവാൻ വിമാനത്താവളത്തിലെത്തിയ ജെജു എയർലൈൻസിൻ്റെ ബോയിങ് 737-8 എ എസ് വിമാനമാണ് ലാൻഡ് ചെയ്യുന്നതിനിടെ തകർന്നത്. പ്രാദേശിക സമയം രാവിലെ 9 മണിയ്ക്കായിരുന്നു അപകടം.
മുവാൻ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെയാണ് അപകടമുണ്ടായത്. ബാങ്കോക്കിൽ നിന്നെത്തിയ ജെജു എയർലൈൻസിൻ്റെ വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുവാൻ വിമാനത്താവളത്തിൽ തകർന്നത്. ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം സിഗ്നൽ സംവിധാനത്തിലിടിച്ച് കത്തുകയായിരുന്നു.
അതിനിടെ സംഭവത്തിൽ മാപ്പ് ചോദിച്ച് വിമാന കമ്പനി രംഗത്തെത്തി. ലജ്ജിച്ച് തല താഴ്ത്തുന്നുവെന്നാണ് വാർത്താ കുറിപ്പിൽ പറയുന്നത്.
പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് വിമാനം തകർന്ന് വീണത്. അപകടത്തിൽ രണ്ട് പേരെ രക്ഷപ്പെടുത്തിയതായി യോൻഹാപ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. ഇവരിൽ ഒരാൾ വിമാന ജീവനക്കാരനും ഒരാൾ യാത്രക്കാരനുമാണ്. ഇരുവരും വിമാനത്തിന്റെ പിൻഭാഗത്താണ് ഉണ്ടായിരുന്നത്.
പക്ഷി ഇടിച്ചതിന് പിന്നാലെയാണ് അപകടമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഈ ആഴ്‌ചയിലെ രണ്ടാമത്തെ വിമാന ദുരന്തമാണിത്. നേരത്തെ അസർബൈജാനിൽ വിമാനം തകർന്നു വീണ് 38 പേരാണ് മരിച്ചത്.
Discussion about this post