തൊണ്ടിമുതൽ കേസിൽ മുൻമന്ത്രി ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. കേസിൽ തുടർ നടപടികളുമായി മുന്നോട്ടുപോകാമെന്നും സുപ്രീംകോടതി വിധിച്ചു. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിച്ചുവെന്നാണ് ആന്റണി രാജുവിനെതിരേയുള്ള ആരോപണം.
1990 ലാണ് സംഭവം. അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലി 1990 ഏപ്രിൽ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായി. തിരുവനന്തപുരം സെഷൻസ് കോടതിയിൽ കേസ് വിചാരണയ്ക്കെടുത്തു. ആന്റണി രാജു തൻ്റെ സീനിയർ സെലിൻ വിൽഫ്രഡുമായി ചേർന്ന് പ്രതിയുടെ വക്കാലത്തെടുത്തെങ്കിലും കേസ് തോറ്റു. 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷൻസ് ജഡ്ജി കെ.വി. ശങ്കരനാരായണൻ ഉത്തരവിറക്കി.
തൊട്ടുപിന്നാലെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. പ്രഗത്ഭനായിരുന്ന കുഞ്ഞിരാമ മേനോൻ ആയിരുന്നു പ്രതിക്ക് വേണ്ടി വക്കാലത്തെടുത്തത്. കേസിൽ ഹൈക്കോടതി പ്രതിയെ വെറുതെവിട്ടു. പ്രതിയെ വെറുതെ വിടാൻ പ്രധാന കാരണമായി കോടതി ചൂണ്ടിക്കാട്ടിയത് കേസിലെ പ്രധാന തൊണ്ടിവസ്തുവായി പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമാണ്. അടിവസ്ത്രം പ്രതിക്ക് ഇടാൻ കഴിയില്ലെന്ന്, നേരിട്ട് അതിന് ശ്രമിച്ചുനോക്കി തന്നെ ഉറപ്പാക്കി ഹൈക്കോടതി. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി പ്രതിയെ വെറുതെ വിട്ടുകയായിരുന്നു. തൊട്ടുപിന്നാലെ ആൻഡ്രൂ രാജ്യം വിട്ടു.
Discussion about this post