ദൃശ്യം സിനിമയിലേതുപോലെ യുവതിയെ കൊന്ന് കുഴിച്ചുമൂടി. കൊല്ലം കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മി(48)യാണ് കൊല്ലപ്പെട്ടത്. വിജയലക്ഷ്മിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
രാത്രിയിൽ മറ്റൊരാൾ വിജയലക്ഷ്മിയുടെ ഫോണിൽ വിളിച്ചതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ സുഹൃത്താണ് പ്രതി ജയചന്ദ്രൻ.
പ്രതി ജയചന്ദ്രനെ കരുനാഗപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പ്ലയർ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ ജയചന്ദ്രൻ കൊലപ്പെടുത്തിയത്. ജയചന്ദ്രന്റെ വീടിന് സമീപത്തെ പറമ്പിൽ നടത്തില പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
നിർമ്മാണം നടക്കുന്ന വീട്ടിൽ കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തുവെന്നായിരുന്നു പ്രതിയുടെ ആദ്യ മൊഴി. പിന്നീടാണ് സമീപത്തെ പറമ്പിൽ കുഴിച്ചിട്ടുവെന്ന് പറഞ്ഞത്. മനു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. കഴിഞ്ഞ ഞായറാഴ്ച ഇവിടെ വീട് വക്കാൻ തറക്കല്ലിട്ടിരുന്നു. മൃതദേഹം കുഴിച്ചിട്ടുവെന്ന് കരുതുന്ന പ്രദേശത്ത് തെങ്ങിൻ തൈകൾ പുതുതായി വച്ച നിലയിലായിരുന്നു. രണ്ടിടത്തും പരിശോധന നടത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം.
അമ്പലപ്പുഴ ക്ഷേത്രത്തിൽ തൊഴാമെന്ന് പറഞ്ഞാണ് ജയചന്ദ്രൻ വിജയലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. സംഭവം നടക്കുമ്പോൾ ജയചന്ദ്രന്റെ ഭാര്യയും കുട്ടിയും വീട്ടിലുണ്ടായിരുന്നില്ല. പ്ലയർ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ ജയചന്ദ്രൻ കൊലപ്പെടുത്തിയത്. അമ്പലപ്പുഴ കാരൂർ സ്വദേശിയാണ് പിടിയിലായ ജയചന്ദ്രൻ.
Discussion about this post