പാലക്കാട് കല്ലടിക്കോട്ട് ദേശീയപാതയിൽ ലോറി പാഞ്ഞുകയറി നാലു കുട്ടികൾ മരിച്ച സംഭവത്തിൽ നാടൊന്നാകെ ദുഃഖത്തിലായി. വിദ്യാർഥികളുടെ മൃതദേഹം രാവിലെ 11 ഓടെയാണ് ഖബറടക്കിയത്. തുപ്പനാട് ജുമാ മസ്ജിദിലാണ് നാല് പേരെയും ഖബറടക്കിയത്. പൊതു ദർശനത്തിനു വച്ച ഹാളിൽ നിന്നും കാൽനടയായാണ് മൃതദേഹങ്ങൾ മസ്ജിദിലെത്തിച്ചത്. അടുത്തടുത്തായുള്ള നാല് ഖബറുകളിലാണ് കുട്ടികളെ അടക്കിയതും.
കരിമ്പ ഗവ. ഹയർസെക്കൻഡറി സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥിനികളായ കരിമ്പ ചെറൂളി പേട്ടേത്തൊടിവീട്ടിൽ അബ്ദുൾ റഫീഖിന്റെയും ജസീനയുടെയും മകൾ റിദ ഫാത്തിമ (13), പള്ളിപ്പുറം വീട്ടിൽ അബ്ദുൾ സലാമിന്റെയും ഫാരിസിന്റെയും മകൾ ഇർഫാന ഷെറിൻ (13), കവുളേങ്ങൽ വീട്ടിൽ അബ്ദുൾ സലീമിന്റെയും നബീസയുടെയും മകൾ നിദ ഫാത്തിമ (13), അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീന്റെയും സജ്നയുടെയും മകൾ ആയിഷ (13) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ കാസർകോട് സ്വദേശികളായ ലോറി ഡ്രൈവർ വർഗീസ്(51), ക്ലീനർ മഹേന്ദ്രപ്രസാദ്(28) എന്നിവർ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
രാവിലെ ആറോടെ വീടുകളിൽ എത്തിച്ച കുട്ടികളുടെ മൃതദേഹങ്ങൾ കരിമ്പനയ്ക്കൽ ഹാളിലേക്ക് പൊതുദർശനത്തിനായി എത്തിച്ചിരുന്നു. നാടൊന്നാകെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ കാണാനായി ഹാളിലേക്ക് ഒഴുകിയെത്തിയിരുന്നു. അങ്ങേയറ്റം ഉള്ളുലക്കുന്ന ദൃശ്യങ്ങളാണ് ഹാളിൽ നിന്നും കാണാനാകുന്നത്. ഉറങ്ങിക്കിടക്കുന്ന കൂട്ടുകാരുടെ പേരു വിളിച്ച് കരയുന്ന സഹപാഠികളും വിതുമ്പുന്ന ബന്ധുക്കളുമാണ് ഹാളിൽ നിറഞ്ഞത്.
കരിമ്പ ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനികളാണ് മരിച്ച നാല് പെൺകുട്ടികളും. സ്കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിലിടിച്ച് നിയന്ത്രണം വിട്ട ലോറി വിദ്യാർഥികൾക്ക് മുകളിലേക്ക് മറിയുകയായിരുന്നു.
സ്ഥിരം അപകടമേഖലയായ പനയംപാടത്ത് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് മോട്ടോർവാഹനവകുപ്പ് ആറുമാസംമുൻപ് നൽകിയ റിപ്പോർട്ട് ആരും പരിഗണിച്ചില്ലെന്ന വിവരവും പുറത്തുവന്നു. റോഡിന്റെ അപാകതയാണ് അപകടങ്ങൾക്കിടയാക്കുന്നത് എന്നതിനാൽ ഇവിടെ വേഗനിയന്ത്രണസംവിധാനം ഒരുക്കണമെന്നായിരുന്നു റിപ്പോർട്ടിലെ നിർദേശം. മോട്ടോർവാഹനവകുപ്പിന്റെ ആവശ്യപ്രകാരം പാലക്കാട് ഐ.ഐ.ടി. വിദ്യാർഥികൾ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോർട്ട്. റോഡ് സുരക്ഷാ കൗൺസിൽവഴി പൊതുമരാമത്ത് ദേശീയപാതാ വിഭാഗത്തിനാണ് ഇത് കൈമാറിയത്.
70 കിലോമീറ്റർ വേഗത്തിൽവരെ സഞ്ചരിക്കാവുന്ന റോഡാണെങ്കിലും അപകടസാഹചര്യം മുൻനിർത്തി 30 കിലോമീറ്ററാക്കി പരമാവധി വേഗം ചുരുക്കിയിരുന്നു. ഇത് വ്യക്തമാക്കുന്ന സൂചനാബോർഡുണ്ടെങ്കിലും ആരുടെയും ശ്രദ്ധയിൽപ്പെടുമായിരുന്നില്ല. അതിനാൽ റോഡിൽതന്നെ വാഹനവേഗം കുറയ്ക്കണമെന്ന് വ്യക്തമാക്കുന്ന കട്ടികൂടിയ മാർക്കുകൾവേണമെന്ന് റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു. ഒരേദിശയിൽ പോവുന്ന വാഹനങ്ങൾ മറികടക്കുന്നത് നിരോധിച്ചുള്ള അറിയിപ്പ് വെക്കാനും നിർദേശമുണ്ടായിരുന്നു. വളവുകളിൽ വശംമാറി സഞ്ചരിക്കുന്നത് ഒഴിവാക്കാൻ ഡെലിനേറ്ററുകൾ സ്ഥാപിക്കാനായിരുന്നു മറ്റൊരു നിർദേശം.
അതിനിടെ ദേശീയപാതയുടെ അശാസ്ത്രീയ നിർമാണത്തെ ഗതാഗത മന്ത്രി വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ വിമർശിച്ചു.
ദേശിയ പാത ഡിസൈൻ ചെയ്യുന്നത് പലപ്പോഴും ഗൂഗിൾ മാപ്പ് നോക്കിയാണെന്നും ഇന്ത്യയിലെ റോഡുകളിൽ പലതും അശാസ്ത്രീയമാണെന്നും മന്ത്രി പറഞ്ഞു. ഹൈവേ പണിചെയ്യാൻ വരുന്ന എൻഞ്ചിനിയർമാർക്ക് റോളില്ലാത്ത അവസ്ഥയാണെന്ന് തോന്നുന്നു. ഹൈവേ നിർമിക്കാൻ ഏൽപ്പിച്ചിരിക്കുന്ന പുറത്തുള്ള കമ്പനികളുടെ കോൺട്രാക്ടർമാരുടെ ഡിസൈനിലാണ് പലയിടത്തും നിർമാണം. ലോകബാങ്കിൻ്റെ റോഡുകൾ പോലെ, പ്രാദേശിക എൻഞ്ചിനീയർമാരെയോ പ്രാദേശിക ജനപ്രതിനിധികളെയോ കണക്കിലെടുക്കാറില്ല. ഗൂഗിൾ മാപ്പ് വഴി റോഡ് ഡിസൈൻ ചെയ്ത ശേഷം പണം നൽകുകയാണ് ചെയ്യുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post