പ്രമുഖ നടിയുടെ പരാതിയിൽ കേസ് നേരിടുന്ന സംവിധായകൻ സനൽകുമാർ ശശിധരൻ അമേരിക്കയിലെന്ന് വിവരം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാൾ അമേരിക്കയിലാണെന്നാണ് കൊച്ചി പൊലീസ് പറയുന്നത്. സനൽകുമാറിനെ നാട്ടിലെത്തിക്കാൻ കോൺസുലേറ്റിനെ സമീപിക്കാൻ ശ്രമം തുടങ്ങിയതായി കൊച്ചി പൊലീസ് അറിയിച്ചു.
നടിയുടെ പരാതിയിൽ ജാമ്യമില്ല വകുപ്പുകളാണ് സനൽകുമാർ ശശിധരന് എതിരെ ചുമത്തിയിരിക്കുന്നത്. പിന്തുടർന്ന് ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിച്ചു എന്നി വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ ഉണ്ടായ സമാന പരാതിയിൽ കുറ്റപത്രം നൽകാനിരിക്കെയാണ് രണ്ടാമത്തെ കേസ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തത്.
ഇ മെയിൽ വഴിയായിരുന്നു കഴിഞ്ഞ ദിവസം സനൽകുമാർ ശശിധരനെതിരെ നടി കൊച്ചി എളമക്കര പൊലീസിൽ പരാതി നൽകിയത്. നടിയുടെ മൊഴി എടുക്കാനുള്ള നടപടികൾ കൊച്ചി പൊലീസ് പൂർത്തിയാക്കി വരികയാണ്.
പ്രണയാഭ്യർത്ഥന നിരസിച്ചതിന് പിൻതുടർന്ന് അപമാനിക്കുന്നുവെന്നാരോപിച്ചാണ് 2022ൽ സനൽ കുമാറിനെതിരെ പൊലീസിൽ നടി പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് തിരുവനന്തപുരത്ത് നിന്ന് സനലിനെ അറസ്റ്റ് ചെയ്യുകയും ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. 2019 ഓഗസ്റ്റ് മുതൽ സനൽകുമാർ ശശിധരൻ ശല്യം ചെയ്യുന്നുവെന്നാണ് നടിയുടെ പരാതി.
Discussion about this post