നടി ആക്രമിക്കപ്പെട്ട കേസില്‍ അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്നാവശ്യപ്പെട്ട് അതിജീവിത വിചാരണ കോടതിയില്‍ ഹര്‍ജി നല്കി. അന്തിമവാദം തുടങ്ങിയതിന് പിന്നാലെയാണ് ഈ നീക്കം.
കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹം അറിയട്ടെയെന്നും ഇതില്‍ തന്റെ സ്വകാര്യതയുടെ വിഷയങ്ങളില്ലെന്നുമാണ് നടിയുടെ നിലപാട്. തനിക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നു എന്നതാണ് ഹര്‍ജി നല്കാന് പ്രേരിപ്പിച്ച പ്രധാന കാരണമായി പറയുന്നത്.
സുപ്രീം കോടതി മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കേസിന്റെ ഇതുവരെയുള്ള വിചാരണ അടച്ചിട്ട കോടതിയില്‍ നടന്നത്. കേസിലെ വിചാരണയുടെ സുപ്രധാന ഘട്ടം പൂര്‍ത്തിയായിരുന്നു. ഇന്നലെ മുതല്‍ കേസില്‍ അന്തിമവാദം ആരംഭിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുന്നത്. ഒരു മാസം കൊണ്ട് കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കും. അതിനു ശേഷം കേസ് വിധി പറയാനായി മാറ്റും. ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ ആറു വര്‍ഷവും 9 മാസവും നീണ്ട ദീര്‍ഘ വിചാരണയാണ് നടന്നത്. പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ഒന്നാം പ്രതിയായ കേസില്‍ നടന് ദിലീപ് ആണ് എട്ടാം പ്രതി.
നേരത്തെ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ അതിജീവിത കോടതിയില്‍ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post