കേരള സർക്കാർ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്ന് ഗവർണർ രാജന്ദ്ര ആർലേക്കർ. പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ ഇക്കാര്യം പറഞ്ഞത്.
ഗവർണറായി ചുമതലയേറ്റശേഷമുള്ള ആർലേക്കറുടെ കേരളത്തിലെ ആദ്യ നയപ്രഖ്യാപനമായിരുന്നു ഇത്. മലയാളത്തിൽ നമസ്കാരം എന്ന് പറഞ്ഞുകൊണ്ടാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവർണറെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്. ഒരു മണിക്കൂറും 57 മിനിട്ടുമാണ് നയപ്രഖ്യാപന പ്രസംഗം നീണ്ടുനിന്നത്.
അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചുവരുന്നുവെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. ദാരിദ്ര നിർമ്മാർജ്ജനത്തിനു മുൻഗണന നൽകുന്നുണ്ടെന്നും എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കാൻ നടപടി പുരോഗമിക്കുകയാണെന്നും 64006 അതി ദാരിദ്രരെ കണ്ടെത്തിയെന്നും അവരുടെ പ്രശ്നം പരിഹരിക്കാൻ നടപടി തുടങ്ങി. ആരോഗ്യ- വിദ്യാഭ്യാസ മേഖലയിൽ വൻ പുരോഗതിയാണ് കേരളം കൈവരിച്ചിട്ടുള്ളതെന്നും വികസന നേട്ടങ്ങളിൽ കേരളം മാതൃകയാണെന്നും ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു.
ഇന്റർനെറ്റ് സാർവത്രികമാക്കിയത് മുതൽ ഡിജിറ്റൽ സർവെ നടപടികൾ പൂർത്തിയാക്കിയതിൽ വരെ കേരളം നേട്ടത്തിൻ്റെ പാതയിലാണ്. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന് നടപടിയെടുത്തു ഉന്നത വിദ്യാഭ്യാസമേഖലയിലെ കേരളത്തിൻ്റെ നേട്ടം എടുത്തു പറയേണ്ടതാണ്. കേന്ദ്രവുമായി ചേർന്ന് ദേശീയ പാത വികസനം സുഗമമായി പുരോഗമിക്കുകയാണ്. സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ മികവ് കാണിക്കുന്നുണ്ട്.
വയനാട് പുനരധിവാസത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വയനാട് ടൗൺഷിപ്പ് ഒരു വർഷത്തിനകം നടപ്പാക്കും. കാലാവസ്ഥാ വ്യതിയാനത്തിന് കേന്ദ്രസഹകരണത്തോടെ പദ്ധതി നടപ്പാക്കുമെന്നും ഗവർണർ പറഞ്ഞു.
സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ജി.എസ്.ടി നഷ്ടപരിഹാരം ഇല്ലാത്തതും ഗ്രാൻ്റുകൾ കുറഞ്ഞതും പ്രതിസന്ധിയാണെന്നും നയപ്രഖ്യാപനത്തിൽ ഗവർണർ പറഞ്ഞു. ജിഎസ്‌ടി വിഹിതം കുറഞ്ഞത് ധനകാര്യ കമ്മീഷനെ പരാതി അറിയിച്ചു കഴിഞ്ഞു. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിൽ വിമർശനം ഉന്നയിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതിക്കുള്ള വി.ജി.എഫ് തുക വായ്പ ആക്കി മാറ്റിയതും നയ പ്രഖ്യാപന പ്രസംഗത്തിൽ പരാമർശിച്ചു. അർജന്റീന ഫുട്ബാൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചതും നയപ്രഖ്യാപനത്തിൽ എടുത്തു പറഞ്ഞു.
Discussion about this post