തിരുവനന്തപുരം പാലോട് നവവധുവിന്റെ ആത്മഹത്യയിൽ ഭർത്താവ് അഭിജിത്തിനും സുഹൃത്ത് അജാസിനും പങ്കുണ്ടെന്ന് പാലോട് പൊലീസ്. പെൺകുട്ടിയുടെ ഭർത്താവ് അഭിജിത്തിന്റെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. ഇരുവരും പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും മർദിച്ചതായും ചോദ്യം ചെയ്യലിൽ കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടേയും അറസ്റ്റ് ഉടൻ ഉണ്ടാകും.
തുടക്കം മുതൽ തന്നെ പെൺകുട്ടിയുടെ മരണത്തിൽ ഏറെ നിഗൂഢതകളായിരുന്നു. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു അഭിജിത്തും ഇന്ദുജയും വിവാഹതിരാകുന്നത്. എന്നാൽ ഇരുവരുടേയും വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് ഇപ്പോൾ പൊലീസ് വ്യക്തമാക്കുന്നത്.
ഇന്ദുജയുടെ ഭർത്താവ് അഭിജിത്തിനെതിരേ ഭർതൃപീഡനം, ആത്മഹത്യാപ്രേരണ, ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരിക്കും കേസെടുക്കുക. അഭിജിത്തിൻ്റെ സുഹൃത്ത് അജാസിനെതിരേ പട്ടികജാതി പീഡനം, മർദനം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകളും ചേർക്കും.
അജാസ് കാറിൽവച്ച് തൻ്റെ സാനിധ്യത്തിൽ ഇന്ദുജയെ മർദിച്ചുവെന്ന് അഭിജിത്ത് പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. അജാസും അഭിജിത്തും നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു. ഇരുവരും തമ്മിലുള്ള ഫോൺ റെക്കോർഡുകളും വാട്സാപ്പ് ചാറ്റ് ഹിസ്റ്ററികളും കസ്റ്റഡിയിൽ എടുക്കും മുമ്പേ അജാസ് ക്ലിയർ ചെയ്തിരുന്നു.
അഭിജിത്തിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഇന്ദുജയെ താൻ അല്ല മർദിച്ചതെന്നും സുഹൃത്ത് അജാസാണ് മർദിച്ചതെന്നും അഭിജിത്ത് പൊലീസിന് മൊഴിനൽകി. അഭിജിത്തിന്റെയും ഇന്ദുജയുടേയും കോമൺ ഫ്രണ്ടാണ് അജാസ്. പെൺകുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് കാറിൽ വെച്ച് തന്റെ സാന്നിധ്യത്തിൽ അജാസ് ഇന്ദുജയെ മർദിച്ചുവെന്നാണ് അജാസ് മൊഴി നൽകിയിരിക്കുന്നത്. തുടർന്ന് പരിശോധിച്ചപ്പോഴാണ്, അജാസിന്റേയും അഭിജിത്തിന്റെയും ഫോൺ സംഭാഷണത്തിൻ്റെ റെക്കോർഡുകളും വാട്സാപ്പ് ചാറ്റുകളുമടക്കം ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയത്.
Discussion about this post