പെട്രോൾ പമ്പ് അനുവദിക്കുന്നതിന് കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നതിന് തെളിവില്ലെന്ന് ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ കണ്ടെത്തൽ. കൈക്കൂലി വാങ്ങുന്നതോ, ആവശ്യപ്പെടുന്നതോ എൻ.ഒ.സി. അനുവദിക്കുന്നതിന് നവീൻ ബാബു ഫയൽ ബോധപൂർവം വൈകിപ്പിച്ചെന്നതോ സംബന്ധിച്ച് യാതൊരു തെളിവുകളോ മൊഴികളോ ഇതുവരെയും ലഭിച്ചിട്ടില്ലെന്നാണ് സൂചന. മാത്രമല്ല മൊഴികളെല്ലാം നവീൻ ബാബുവിന് അനുകൂലമാണെന്നാണ് സൂചന.
എ.ഡി.എമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഇതുവരെ മൊഴി നൽകിയിട്ടുമില്ല. നവീൻ ബാബു പെട്രോൾ പമ്പിന് എൻ.ഒ.സി. അനുവദിക്കുന്നതിൽ വഴിവിട്ട് ഇടപെടൽ നടത്തിയെന്നും അതിനുള്ള തെളിവുണ്ടെന്നുമാണ് പി.പി.ദിവ്യ അവരുടെ യാത്രയയപ്പ് യോഗത്തിൽ എത്തി ആരോപിച്ചത്. തൻ്റെ കൈവശമുള്ള തെളിവുകൾ ആവശ്യമുള്ളപ്പോൾ പുറത്തുവിടുമെന്നും ദിവ്യ അറിയിച്ചിരുന്നു.എ.ഡി.എം. ആത്മഹത്യ ചെയ്തതിനെ തുടർന്ന് ഉണ്ടായ പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ദിവസങ്ങൾ പിന്നിട്ടിട്ടും പി.പി. ദിവ്യയെ കണ്ടെത്താനൊ മൊഴിയെടുക്കാനോ ഇതുവരെയും പോലീസിന് സാധിച്ചിട്ടില്ലെന്നുള്ളതും വലിയ ആരോപണങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.
തിങ്കളാഴ്ച വൈകുന്നേരത്തോടെ പൊലീസ് കണ്ണൂർ കളക്ടറുടെ മൊഴി രേഖപ്പെടുത്തി. ഔദ്യോഗിക വസതിയിലെത്തിയായിരുന്നു മൊഴിയെടുപ്പ്.
നവീൻ ബാബുവിനെതിരായ ആരോപണത്തിൽ പി.പി.ദിവ്യക്കൊപ്പം കലക്ടർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.
Discussion about this post