നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടർപ്പട്ടിക പ്രസി ദ്ധീകരിച്ചു. 2025 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഉപതെരഞ്ഞെടുപ്പ് നട ക്കുന്നയിടങ്ങളെ വോട്ടർപ്പട്ടിക പുതുക്കലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കരടു വോട്ടർ പട്ടികയിൽ ആകെ 2,59,57,734 വോട്ടർമാരാണുള്ളത്. ഇതിൽ 1,25,36,261 പുരുഷന്മാരും 1,34,21,132 സ്ത്രീകളും 341 ട്രാൻസ്ജൻഡേഴ് സുമാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒമ്പതു നിയമസഭാ മണ്ഡലങ്ങൾ ഒഴിവാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ആകെ വോട്ടർമാരിൽ 87,188 പേർ പ്രവാസികളാണ്.
നാൽപ്പതു മുതൽ 49 വരെ പ്രായപരിധിയിലാണ് കൂടുതൽ വോട്ടർമാർ (55,01,168). എൺപതിനു മുകളിൽ പ്രായമുള്ള 6,86,698 വോട്ടർമാരുണ്ട്. 2,61,372 പേർ കന്നിവോട്ടർമാരാണ്.
സൂക്ഷ്മ പരിശോധനയ്ക്കായി താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവൽ ഓഫീസറുടെ കൈവശവും പട്ടികയുണ്ടാകും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽനിന്ന് പട്ടിക കൈപ്പറ്റി സൂക്ഷ്മപരിശോധന നടത്താം. കരടു പട്ടികയിൻമേലുള്ള ആക്ഷേപങ്ങളും അവകാശവാദങ്ങളും നവംബർ 28 വരെ സമർപ്പിക്കാം. 2025 ജനുവരി 6ന് അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കും.
17 വയസ് പൂർത്തിയായവർക്ക് വോട്ടർപ്പട്ടികയിൽ പേരു ചേർക്കാൻ മുൻകൂറായി അപേക്ഷ സമർപ്പിക്കാം. വോട്ടർപ്പട്ടികയിൽ പുതുതായി പേരുചേർക്കുന്നതിനും തെറ്റുകൾ തിരുത്തുന്നതിനും മരിച്ചവരെയും സ്ഥലം മാറിപ്പോയവരെയും ഒഴിവാക്കുന്നതിനും ഇപ്പോൾ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റ് വഴിയോ വോട്ടർ ഹെൽപ് ലൈൻ ആപ്പ് വഴിയോ അപേക്ഷകൾ സമർപ്പിക്കാം.
Discussion about this post