നിർമാതാവ് സാന്ദ്രാ തോമസിന്റെ പരാതിയിൽ സംവിധായകൻ ബി.ഉണ്ണികൃഷ്‌ണനെതിരെ കേസെടുത്ത് പൊലീസ്. പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന സാന്ദ്രയുടെ പരാതിയിലാണ് കേസ്. ബി.ഉണ്ണികൃഷ്‌ണനെ ഒന്നാം പ്രതിയാക്കി എറണാകുളം സെൻട്രൽ പൊലീസാണ് പരാതിയിൽ കേസെടുത്തിരിക്കുന്നത്. നിർമാതാവ് ആൻ്റോ ജോസഫ് ആണ് കേസിൽ രണ്ടാം പ്രതി. ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയതിന് സിനിമയിൽ നിന്ന് മാറ്റി നിർത്തിയെന്നും നിർമാതാക്കളുടെ സംഘടന യോഗത്തിൽ തന്നെ അപമാനിച്ചതായും സാന്ദ്ര പരാതിയിൽ പറയുന്നു.
കഴിഞ്ഞ നവംബർ 5ന് നിർമാതാക്കളുടെ സം ഘടനയിൽ നിന്നും സാന്ദ്രാ തോമസിനെ പുറത്താക്കിയിരുന്നു. അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ചായിരുന്നു നടപടി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം നിർമാതാക്കളുടെ സംഘടനയ്ക്ക് നേരെ സാന്ദ്ര തോമസ് രൂക്ഷമായ വിർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി. എന്നാൽ സാന്ദ്രാ തോമസിൻ്റെ അംഗത്വം റദ്ദാക്കിയ നടപടി ഡിസംബർ 17ന് എറണാകുളം സബ്കോടതി സ്റ്റേ ചെയ്‌തിരുന്നു.
നിർമാതാക്കളുടെ സംഘടനയിൽനിന്ന് തന്നെ പുറത്താക്കാൻ ശ്രമിച്ചവരിൽ ബി.ഉണ്ണിക്കൃഷ്ണനടക്കമുള്ളവരുടെ പങ്ക് വലുതാണന്ന് കേസെടുത്ത പൊലീസ് നടപടിയിൽ അവർ പ്രതികരിച്ചു. അവസരം തരില്ലെന്ന് പരസ്യമായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. പ്രതികരിക്കാൻ പറ്റാത്ത ഒരാളായതുകൊണ്ട് മിണ്ടാതെ കേട്ടുനിൽക്കാനേ പറ്റിയുള്ളൂ. ഒരു പുരുഷൻ്റെ മുഖത്തുനോക്കി അദ്ദേഹം ഇങ്ങനെ പറയുമോയെന്നും സാന്ദ്രാ തോമസ് ചോദിച്ചു.
Discussion about this post