പാലക്കാട് നെന്മാറയിലെ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് പിടികൂടി. പോത്തുണ്ടിയിൽ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മട്ടായി മേഖലയിൽ നിന്നാണ് ഇയാൾ പിടിയിലായത്. പ്രതിയെ രാത്രിയോടെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇതറിഞ്ഞ് നെന്മാറ പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചെത്തി പ്രകോപിതരായ നാട്ടുകാരെ പൊലീസ് ബലംപ്രയോഗിച്ച് പുറത്തിറക്കുകയായിരുന്നു.
പോത്തുണ്ടി മലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. തിരച്ചിൽ അവസാനിപ്പിച്ച് പിൻവാങ്ങിയ ശേഷവും പോത്തുണ്ടി മലയിൽ നിന്നുള്ള വഴികളിൽ പലയിടത്തായി രണ്ട് വീതം പൊലീസുകാരെ വിന്യസിച്ചിരുന്നു. ഒളിച്ചിരുന്ന ചെന്താമര പുറത്തിറങ്ങിയ ഉടൻ ഇയാൾ പൊലീസിന്റെ വലയിലാവുകയായിരുന്നു.
പോത്തുണ്ടി മലയിൽ നിന്നും രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന് മംഗലം ഡാമിലേക്കും മറ്റൊന്ന് പ്രതിയുടെ വീടിന്റെ പിൻവശത്തേക്കുമുള്ളതായിരുന്നു. വീട്ടിലേക്കുള്ള വഴിയിലൂടെയാണ് ഇയാൾ നടന്നുവന്നത്. ഒളിച്ചിരുന്ന പൊലീസുകാർ ഇയാളെ പിടികൂടുകയായിരുന്നു. പൊലീസ് തിരച്ചിൽ അവസാനിപ്പിച്ച് പിന്മാറിയെന്ന പ്രതീതിയുണ്ടാക്കി ഒളിയിടത്തിൽ നിന്ന് ചെന്താമരയെ പുറത്ത് ചാടിക്കുകയെന്ന ലക്ഷ്യം കൃത്യമായി ഫലം കാണുകയായിരുന്നു.
ഒന്നര ദിവസത്തോളം ഒളിവിൽ കഴിഞ്ഞ പ്രതി വിശന്നുവലഞ്ഞ് ഭക്ഷണം തേടി വീട്ടിലേക്ക് വരുന്നതിനിടെയാണ് പൊലീസിന്റെ വലയിലായത്. സ്റ്റേഷനിലെത്തിച്ച പ്രതി ആദ്യം ആവശ്യപ്പെട്ടത് ഭക്ഷണമായിരുന്നു. പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം ഭക്ഷണം എത്തിച്ചുനൽകി. തുടർന്നായിരുന്നു വിശദമായ ചോദ്യംചെയ്യൽ.
ചെന്താമരയ്ക്ക് വിശപ്പ് കൂടുതലാണെന്നും പോകാൻ മറ്റിടങ്ങളില്ലെന്നും തന്റെ വീട്ടിലേക്ക് വരുമെന്നും സഹോദരൻ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് പ്രദേശത്ത് പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ചെന്താമരയുടെ വീട്ടിൽനിന്ന് 200 മീറ്റർ മാറിയുള്ള സഹോദരന്റെ വീട്ടിൽ മുഴുവൻസമയവും കാവലും നിന്നു. 2019-ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയശേഷം ചെന്താമര ആദ്യം വന്നത് രാധാകൃഷ്ണൻ്റെ വീട്ടിലേക്കായിരുന്നു. ഭക്ഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു വന്നത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് അന്ന് പൊലീസ് ഇയാളെ പിടികൂടിയത്. എന്നാൽ ഇത്തവണ സഹോദരൻ്റെ വീട്ടിലേക്ക് പോകാതെ സ്വന്തം വീടായിരുന്നു ഇയാൾ ലക്ഷ്യമിട്ടത്. പോകുന്ന വഴിയിൽ കൃത്യമായി പൊലീസ് വിരിച്ച വലയിൽ വീഴുകയും ചെയ്തു.
പ്രാഥമിക ചോദ്യം ചെയ്യലിൽ തന്നെ പ്രതി കുറ്റം സമ്മതിച്ചു. ജയിലിൽ നിന്നിറങ്ങിയ ശേഷം തന്റെ ആദ്യലക്ഷ്യം പിരിഞ്ഞു പോയ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു എന്നു പറഞ്ഞ ഇയാൾ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയതിൻ്റെ കാരണവും ചോദ്യം ചെയ്യലിൽ പൊലീസിനോട് വിശദീകരിച്ചു.
പോത്തുണ്ടിയിലെ വീട്ടിലേക്ക് ഭാര്യയെ വിളിച്ചുവരുത്തി വകവരുത്താനാണ് പദ്ധതിയിട്ടതെന്നും ഇത് സാധിക്കാതെ വന്നതോടെയാണ് മറ്റ് രണ്ട് പേരെ കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. 2019 ൽ സജിതയെ കൊലപ്പെടുത്തിയതിലുള്ള പക സുധാകരന് തന്നോട് ഉണ്ടെന്ന് സംശയിച്ചെന്നും സുധാകരൻ തന്നെ ആക്രമിക്കുമെന്ന സംശയത്തെ തുടർന്നാണ് ഇയാളെയും അമ്മയെയും വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയതെന്നും ഇയാൾ പറഞ്ഞു.
Discussion about this post