പാലക്കാട് നെന്മാറയിൽ നടന്ന ഇരട്ടക്കൊലപാതകത്തിൻ്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. കൊല്ലപ്പെട്ട സുധാകരൻ്റെ ശരീരത്തിൽ 8 വെട്ടുകളുണ്ടെന്നും കൈലിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിരിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. വലത് കൈ അറ്റു നീങ്ങിയിട്ടുണ്ട്. ആദ്യത്തെ വെട്ടേറ്റിരിക്കുന്നത് കാലിന്റെ മുട്ടിനാണ്. കഴുത്തിന്റെ പിറകിലെ വെട്ട് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സുധാകരന്റെ അമ്മ ലക്ഷ്മിയുടെ ശരീരത്തിൽ 12 വെട്ടുകളാണുള്ളത്. ലക്ഷ്മിയുടെ ശരീരത്തിലുള്ളത് അതിക്രൂരമായ ആക്രമണത്തിൻ്റെ മുറിവുകളാണ്. കണ്ണിൽ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ട് ഇവരുടെ ശരീരത്തിൽ. ഇതാണ് മരണ കാരണമായത്.
കൊല്ലപ്പെട്ട സുധാകരൻ്റെയും അമ്മ ലക്ഷ്മിയുടെയും സംസ്കാരം ഇന്ന് നടക്കും.
കൊലപാതകത്തിന് ശേഷം ഒളിവിൽപോയ പ്രതി ചെന്താമരയെ ഇതുവരെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. തിരുപ്പൂരിലെ ബന്ധുവീട്ടിൽ പ്രതി എത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി ഇന്നലെ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന വരെ നടന്നിരുന്നു.
പ്രതി ചെന്താമര പക കൊണ്ടു നടക്കുന്നവനാണെന്ന് അമ്മാവൻ നാരായണൻ പറഞ്ഞു. ദേഷ്യക്കാരനാണെന്നും പക തോന്നിയാൽ എന്തും ചെയ്യുന്ന ആളാണെന്നും നാരായണൻ വ്യക്തമാക്കി. അയൽവാസിയായ സ്ത്രീയെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഭാര്യവീട്ടിൽ ആരെങ്കിലും വിവാഹാലോചനയുമായെത്തിയാലും ഭീഷണിപ്പെടുത്തുമായിരുന്നു, അങ്ങനെയാണ് വിവാഹം കഴിച്ചതെന്നും നാരായണൻ പറയുന്നു.
അമ്മയുമായി മാത്രമാണ് ചെന്താമരക്ക് ബന്ധമുണ്ടായിരുന്നതെന്നും ബന്ധുക്കളോടൊന്നും സംസാരിക്കാറില്ലായിരുന്നെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ഭക്ഷണം വീട്ടിൽ സ്വയം വച്ച് കഴിക്കാറാണ് പതിവ്. വീട്ടിലെ എല്ലാവരും വിവാഹം ചെയ്യും മുമ്പെ കല്യാണം കഴിച്ച് വീടുവിട്ടിറങ്ങിയതാണ് ചെന്താമര. അന്നുമുതൽ വീട്ടുകാരുമായി ബന്ധമില്ലായിരുന്നു. അമ്മയെ കാണാൻ മാത്രമാണ് തറവാട്ടിലേക്ക് വരുന്നത്. പ്രതി തങ്ങളുടെ കുടുംബത്തിനും ഭീഷണിയെന്നും ബന്ധു വ്യക്തമാക്കി.
Discussion about this post