ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ സൗദി ക്ലബ്ലായ അല്‍ ഹിലാല്‍ വിട്ടു.പരസ്പര സമ്മതത്തോടെ കരാര്‍ അവസാനിപ്പിക്കുന്നതായി ക്ലബ് പ്രഖ്യാപിച്ചു. 32കാരനായ ബ്രസീലിയന്‍ മുന്നേറ്റതാരം 2023 ഓഗസ്റ്റിലാണ് അല്‍ ഹിലാലിലെത്തുന്നത്. എന്നാല്‍ പരിക്കുകാരണം വെറും ഏഴ് മത്സരങ്ങള്‍ മാത്രമാണ് താരത്തിന് അല്‍ ഹിലാല്‍ ജേഴ്സിയില്‍ കളിക്കാനായത്.
തന്റെ ബാല്യകാല ക്ലബ്ബായ ബ്രസീലിലെ സാന്റോസിലേക്ക് നെയ്മര്‍ മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
18 മാസക്കാലമാണ് നെയ്മര്‍ അല്‍ ഹിലാലിലുണ്ടായിരുന്നത്. പ്രതിവര്‍ഷം ഏകദേശം 10.4 കോടി ഡോളറായിരുന്നു താരത്തിന്റെ പ്രതിഫലം. 2017ല്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയില്‍ നിന്ന് 23 കോടി ഡോളറിനാണ് നെയ്മര്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയിലേക്ക് പോകുന്നത്. ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സ്ഫറായിരുന്നു ഇത്. പി.എസ്.ജിയില്‍ നിന്നാണ് പിന്നീട് അല്‍ ഹിലാലിലേക്ക് മാറുന്നത്. എന്നാല്‍ സൗദിയിലെത്തി 2023 ഒക്ടോബറില്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനായി കളിക്കുന്നതിനിടെ ഇടതു കാല്‍മുട്ടിലെ ലിഗമെന്റിന് പരിക്കേറ്റ് ഒരു വര്‍ഷമാണ് പുറത്തിരുന്നത്. പിന്നീട് 2024 ഒക്ടോബറില്‍ അല്‍ ഹിലാലിലേക്ക് തിരിച്ചെത്തിയെങ്കിലും തുടയിലെ പേശികള്‍ക്ക് പരിക്കേറ്റതോടെ കളിക്കാനായില്ല.
Discussion about this post