പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്‌ബീർ സിങ് ബാദലിന് നേരെ വധശ്രമം. അമൃത്സറിലെ സുവർണക്ഷേത്രത്തിൽ വച്ച് അദ്ദേഹത്തിന് നേരെ വെടിവയ്പ്പുണ്ടായി. ക്ഷേത്ര കവാടത്തിൽ വച്ചാണ് വെടിവയ്പ്പുണ്ടായത്. ശിക്ഷയുടെ ഭാഗമായി സുവർണ ക്ഷേത്രത്തിന് മുന്നിൽ വീൽചെയറിൽ ഇരിക്കുമ്പോഴായിരുന്നു വെടിവയ്പ്. നരെയ്ൻ സിങ് ചൗവ എന്നയാളാണ് വെടിവച്ചത്. സുഖ്ബീറിന് പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. അക്രമിയെ ആളുകളും പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി.
സുഖ്‌ബീർ സിങ് ബാദലിന് സിഖുകാരുടെ പരമോന്നത സംഘടനയായ അകാൽ തഖ്ത് ശിക്ഷ വിധിച്ചിരുന്നു. സുവർണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കണം, രണ്ടുദിവസം കാവൽ നിൽക്കണം, കഴുത്തിൽ പ്ലക്കാർഡ് ധരിക്കണം, കൈയിൽ കുന്തം കരുതണം തുടങ്ങിയവയായിരുന്നു ശിക്ഷ.
ബാദലിന്റെ അകാലിദൾ മന്ത്രിസഭയിൽ അംഗങ്ങളായിരുന്നവർക്കും അകാൽ തഖ്ത് ശിക്ഷ പ്രഖ്യാപിച്ചിരുന്നു. 2007- 2017 കാലത്തെ അകാലിദൾ സർക്കാറിന്റെയും പാർട്ടിയുടെയും മതപരമായ തെറ്റുകളെ മുൻനിർത്തിയാണ് ബാദലിനെ ശിക്ഷിച്ചത്.
Discussion about this post