പത്തനംതിട്ടയിൽ കോന്നി മുറിഞ്ഞകല്ലിൽ അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടംബത്തിലെ നാല് പേർ മരിച്ചു. നിഖിൽ, അനു, ഈപ്പൻ മത്തായി, ബിജു പി ജോർജ്ജ് എന്നിവരാണ് മരിച്ചത്. കോന്നി മല്ലശ്ശേരി സ്വദേശികളാണ് മരിച്ചത്.
അനുവും നിഖിലും ദമ്പതികളാണ്. നവംബർ 30 നായിരുന്നു വിവാഹം. അനുവിന്റെ അച്ഛനാണ് ബിജു. നിഖിലിൻ്റെ പിതാവാണ് മത്തായി ഈപ്പൻ.
പുലർച്ചെ 3.30ഓടെയാണ് അപകടം നടന്നത്. മലേഷ്യയിൽ മധുവിധു യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നവദമ്പതികൾ സഞ്ചരിച്ച കാർ ആന്ധ്രാ സ്വദേശികളായ ശബരിമല തീർത്ഥാടകരുടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മലേഷ്യയിൽ ഹണിമൂൺ ആസ്വദിക്കാൻ പോയ ഇരുവരെയും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് അപകടം. നവംബർ 30-ന് പൂങ്കാവ് സെൻ്റ് മേരീസ് മലങ്കര പള്ളിയിൽവച്ചായിരുന്നു അനുവിൻ്റേയും നിഖിലിന്റേയും വിവാഹം. യു.കെയിൽ ജോലി ചെയ്യുകയായിരുന്നു നിഖിൽ. അനു എം.എസ്.ഡബ്ല്യു. പൂർത്തിയാക്കിയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് യാത്ര പുറപ്പെട്ടത്.
കാർ ഓടിച്ചത് യുവതിയടെ അച്ചൻ ബിജുവാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അമിതവേഗത്തിൽ എത്തിയ കാർ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് വിവരം.
Discussion about this post