പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മുന്നിലെത്തിയ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അടിയും തുടങ്ങി. യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പലര്‍ക്കും പ്രതിഷേധം ഉണ്ടെങ്കിലും അത് പരസ്യമാക്കി കെ.പി.സി.സി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. പി സരിന് രംഗത്തുവന്നു. പാര്‍ട്ടി കുറച്ച് ആളുകളുടെ ആവശ്യത്തിന് വഴങ്ങരുത്. വഴങ്ങിയാല്‍ ഹരിയാന ആവര്‍ത്തിക്കുമെന്ന് സരിന് വാര്‍ത്താ സമ്മേളനം വിളിച്ചുകൂട്ടി വിമര്‍ശിച്ചു. യഥാര്‍ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. ഉള്‍പാര്‍ട്ടി ജനാധിപത്യവും ചര്‍ച്ചകളും വേണമെന്നും സരിന് ആവശ്യപ്പെട്ടു. ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും താന്‍ പുറത്തിറങ്ങിയിട്ടില്ലെന്ന് സരിന് വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയ തീരുമാനത്തില്‍ പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ നിലപാട് വ്യക്തമാക്കുകയിരുന്നു പി സരിന്. സ്ഥാനാര്‍ഥിയില്‍ പുനപ്പരിശോധന വേണമെന്ന് എ.ഐ.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും രാഹുല്‍ ഗാന്ധിക്കും കത്ത് അയച്ചിരുന്നു. നേതൃത്വത്തിന് തിരുത്താന്‍ ഇനിയും സമയമുണ്ട്. ഇല്ലങ്കില്‍ തോല്‍ക്കുക രാഹുല്‍ മാങ്കൂട്ടമല്ല, രാഹുല്‍ ഗാന്ധിയായിരിക്കും. സി.പി.എം ഒരു കുറ്റിച്ചൂലിനെ നിര്‍ത്തിയാലും പ്രവര്‍ത്തകര്‍ ജയിപ്പിക്കും. അത് അവരുടെ കെട്ടുറപ്പാണെന്നും സരിന് കൂട്ടിച്ചേര്‍ത്തു.
ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ പരസ്യമായ പ്രതികരണം വന്നതോ കോണ്‍ഗ്രസ് വെട്ടിലായിരിക്കുകയാണ്. ഷാഫി പറമ്പിലിന്റെ സ്വന്തം സ്ഥാനാര്‍ഥിയെന്ന് നേരത്തെതന്നെ രാഹുല്‍ മാങ്കൂട്ടത്തിനെതിരേ ആക്ഷേപമുണ്ടായിരുന്നു. പാര്‍ട്ടിക്കുള്ളില്‍തന്നെ ഉണ്ടായിരുന്ന എതിര്‍പ്പുകളെ രാഹുല്‍ ഗാന്ധിയെവച്ച് മറികടന്നാണ് രാഹുല്‍ മാങ്കൂട്ടത്തിനെ ഷാഫി പറമ്പില്‍ പാലക്കാട് സ്ഥാനാര്‍ഥിയാക്കിയത്. ഇതില്‍ കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി.ബല്‍റാമിന് ഉള്‍പ്പെടെ അതൃപ്തിയുമുണ്ട്.
Discussion about this post