പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയും മൂന്ന് മുന്നണിയിലെയും പ്രധാന കക്ഷികള്‍ക്ക് തലവേദന. എല്‍.ഡി.എഫില്‍ സി.പി.എമ്മിന്റെയും യു.ഡി.എഫില്‍ കോണ്‍ഗ്രസിന്റെയും എന്‍.ഡി.എയില്‍ ബി.ജെ.പിയുടെയും സ്ഥാനാര്‍ഥികളാണ് പാലക്കാട് മത്സരിക്കുന്നത്. സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ കഴിയാത്ത തരത്തില്‍ തര്‍ക്കങ്ങളാണ് മൂന്നു പാര്‍ടികളിലും ഉള്ളത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളെ പാലക്കാട് സ്ഥാനാര്‍ഥിയാക്കാനാണ് സി.പി.എം. നീക്കം. ജില്ലാ പഞ്ചായത്ത് അംഗമായ സഫ്ദര്‍ ഷരീഫിന്റെ പേരും പരിഗണിക്കുന്നുണ്ട്. സ്ഥിരമായി മൂന്നാം സ്ഥാനത്തേക്ക് പോകുന്ന പാലക്കാട് ഇത്തവണയെങ്കിലും മുന്നിലെത്തണമെന്നും അതിനായി ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന അഭിപ്രായം സി.പി.എമ്മിലെ ഒരുവിഭാഗത്തിനുണ്ട്. എന്നാല്‍ സ്വതന്ത്രനെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനത്തിലേക്ക് പാര്‍ടി എത്തിയിട്ടുമുണ്ട്. 1996ല്‍ മണ്ഡലത്തില്‍നിന്നു വിജയിച്ച ടി.കെ.നൗഷാദിന്റെ പേരും സി.പി.എം. സ്ഥാനാര്‍ഥി പട്ടികയിലുണ്ടെന്ന് പറയുന്നു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍, കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി.ബല്‍റാം എന്നിവരുടെ പേരുകളാണ് പാലക്കാടേയ്ക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. രാഹുലിനെ ശക്തമായി പിന്തുണച്ച് ഷാഫി പറമ്പിലും ഉണ്ട്. എന്നാല്‍ തൃശൂരില്‍നിന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ടി പരാജയപ്പെടുത്തിയതായി പറയുന്ന കെ.മുരളീധരനെ പാലക്കാട് സ്ഥാനാര്‍ഥിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. അങ്ങനെയെങ്കില്‍ പാലക്കാട് അനായാസ വിജയമാണെന്നും ഇവര്‍ അവകാശപ്പെടുന്നു. ജില്ലയിലെ ചുമതലക്കാരുമായി നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചയിലാകും തീരുമാനം ഉണ്ടാകുക.
പാലക്കാട് സീറ്റിന്റെ കാര്യത്തില്‍ ബി.ജെ.പിയിലാണ് കൂട്ടയടി നടക്കുന്നത്. ഒരുപക്ഷേ വിജയിച്ചേക്കാമെന്ന നിലയുള്ള പാലക്കാടിനുവേണ്ടി ശോഭാ സുരേന്ദ്രന് ശക്തമായി രംഗത്തുണ്ട്. ശോഭ മത്സരിക്കുന്നത് തങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്ന് അറിയാവുന്ന വി.മുരളീധരന്റെയും കൃഷ്ണദാസിന്റെയും പക്ഷങ്ങളും പക്ഷമില്ലാത്തവരും എതുവിധേനയും ശോഭാസുരേന്ദ്ര സ്ഥാനാര്ഥിയാകാതിരിക്കാനും ശ്രമം നടത്തുന്നുണ്ട്. മുമ്പ് താന്‍ മത്സരിച്ചപ്പോള്‍ സി.പി.എം. മൂന്നാം സ്ഥാനത്തേക്ക് പോയതും വിവിധ മണ്ഡലങ്ങളില്‍ താന്‍ മത്സരിച്ചപ്പോഴുള്ള ട്രാക്ക് റെക്കോഡും ചൂണ്ടിക്കാണിച്ച്, ഇത്തവണ പാലക്കാട് പിടിക്കും എന്നു പറഞ്ഞാണ് ശോഭാ സുരേന്ദ്രന് സീറ്റിനായി അവകാശവാദം ഉന്നയിക്കുന്നത്. എന്നാല്‍ വി.മുരളീധരന് പക്ഷക്കാരനായ സി.കൃഷ്ണകുമാര്‍ സ്ഥാനാര്‍ഥിയാകാന്‍ ശക്തമായി രംഗത്തുണ്ട്. കൃഷ്ണകുമാറിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ശോഭയെ അനുകൂലിക്കുന്നവര്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ ശോഭയെ വയനാട് ലോക്സഭാ സീറ്റില്‍ മത്സരിപ്പിക്കണമെന്ന് ശോഭയെ എതിര്‍ക്കുന്നവരും പറയുന്നു. അതേസമയം ശോഭാ സുരേന്ദ്രനുവേണ്ടി പാലക്കാട് ബോര്‍ഡുകളും സ്ഥാപിച്ചുകഴിഞ്ഞു. തര്‍ക്കങ്ങള്‍ പരിഹരിച്ച് അടുത്ത ദിവസങ്ങളില്‍ തന്നെ പാര്‍ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചേക്കും.
Discussion about this post