പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പോളിങ് ആരംഭിച്ചു.ആദ്യ മണിക്കൂറിൽ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. രാവിലെ ആറുമണിയോടെ തന്നെ പോളിങ് ബൂത്തുകളിലേക്ക് ആളുകൾ എത്തി. മണ്ഡലത്തിലെ 185 പോളിങ് ബൂത്തുകളിലായാണ് വോട്ടെടുപ്പ്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടർമാർക്ക് സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള സമയം.
മണ്ഡലത്തിൽ 1,94,706 വോട്ടർമാരാണുള്ളത്. പാലക്കാട് നഗരസഭ, കണ്ണാടി, പിരായിരി, മാത്തൂർ പഞ്ചായത്തുകൾ ചേർന്നതാണ് പാലക്കാട് മണ്ഡലം. വോട്ടർമാരിൽ സ്ത്രീകളാണ് കൂടുതൽ- 1,00,290. 94,412 പുരുഷ വോട്ടർമാരും നാല് ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്.
മൂന്നു മുന്നണികളും വിജയപ്രതീക്ഷ പുലർത്തുന്ന പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. വാദങ്ങളും വിവാദങ്ങളും കുറുമാറ്റവും കാലുമാറ്റവും ആർക്ക് വോട്ടായി ലഭിക്കുമെന്നത് ഫലത്തിൽ നിർണയാകമാകും.
മണപ്പുള്ളിക്കാവ് ട്രൂലൈൻ പബ്ലിക് സ്കൂൾ ബുത്ത് നമ്പർ 88 ൽ ഇടത് സ്ഥാനാർഥി പി. സരിനും ഭാര്യയും രാവിലെ വോട്ട് രേഖപ്പെടുത്തനെത്തി. പാലക്കാടിന്റെ മതേതര കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്ന തിരഞ്ഞടുപ്പാണ് നടക്കുന്നതന്ന് സരിൻ മാധ്യമങ്ങളോട് പറഞ്ഞു. പക്ഷങ്ങൾ പറഞ്ഞ് ജനങ്ങളുടെ വോട്ടുകൾ തിരിച്ചിരുന്ന രീതി അവസാനിച്ചു. ജനങ്ങൾ കൂട്ടത്തോടെ അറിഞ്ഞുചെയ്യുന്ന വോട്ടായി ഇത്തവണത്തേത് മാറുമെന്നും സരിൻ വ്യക്തമാക്കി. എവിടെ ഉപതിരഞ്ഞെടുപ്പ് നടന്നാലും അഞ്ചുശതമാനം വരെ കുറവ് ഉണ്ടാകാറുണ്ട്. എന്നാൽ പാലക്കാട് കഴിഞ്ഞതവണത്തേപോലെ തന്നെ വോട്ട് രേഖപ്പെടുത്തും. ഒന്നരലക്ഷത്തിന് മുകളിൽ വോട്ട് രേഖപ്പെടുത്തപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സരിൻ പറഞ്ഞു.
യു.ഡി.എഫ് ശുഭപ്രതീക്ഷയിലാണെന്ന് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. മാറ്റം കൊണ്ടുവരാൻ പോകുന്ന ചരിത്രപരമായ തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്ന് എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറും പറഞ്ഞു.
ജനവിധി എന്താകുമെന്ന കാര്യത്തിൽ മൂന്ന് മുന്നണികൾക്കും ആശങ്ക നിലനിൽക്കുന്ന തിരഞ്ഞെടുപ്പുകൂടിയാണിത്. ജയിക്കുന്നവർക്ക് ഈ തിരഞ്ഞെടുപ്പ് രാഷ്ട്രീയമായി ഊർജം പകരുക മാത്രമല്ല തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ മേൽകൈ നേടിക്കൊടുക്കുകയും ചെയ്യും.
Discussion about this post