ഏറെ വാദങ്ങളും വിവാദങ്ങളും കൊണ്ട് ശ്രദ്ധേയമായ പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഒരു മാസത്തോളം നീണ്ട പ്രചാരണത്തിന് വൈകിട്ട് ആറ് മണിക്ക് കൊട്ടിക്കലാശത്തോടെ അവസാനമാകും. മൂന്നു മുന്നണികളും ആവേശത്തിന്റെയും പ്രതീക്ഷയുടെയും കൊടുമുടിയിലായതിനാല് കൊട്ടിക്കലാശവും ആവേശകരമാകും. സ്ഥാനാര്ഥികള് റോഡ് ഷോ നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്ത് അവസാനിക്കും.
യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ റോഡ് ഷോ ഉച്ചയ്ക്ക് രണ്ടിന് ഒലവക്കോട് നിന്ന് തുടങ്ങും. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.പി. സരിൻ്റെ റോഡ്ഷോ വൈകിട്ട് നാലിന് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും ബി.ജെ.പി സ്ഥാനാർഥി സി.കൃഷ്ണകുമാറിൻ്റെ റോഡ് ഷോ മേലാമുറി ജങ്ഷനിൽ നിന്നുമാണ് തുടങ്ങുക.
രാഷ്ട്രീയ കാലുമാറ്റങ്ങളും അസംതൃപ്തരും തിരഞ്ഞെടുപ്പിൽ എങ്ങനെ സ്വാധീനമാകും എന്നതായിരിക്കും പാലക്കാടിൻ്റെ വിധി നിർണയത്തിൽ പ്രതീക്ഷയാകുക നിലവിലെ ചില ഘടകങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്ന് മൂന്ന് മുന്നണികളും പ്രതീക്ഷിക്കുന്നു.
പി.സരിൻ കോൺഗ്രസ് വിട്ട് ഇടത് സ്വതന്ത്ര സ്ഥാനാർഥിയായത് എൻ.സി.എഫിന് പ്രതീക്ഷയാണ്. ബി.ജെ.പിയിൽ നിന്ന് സന്ദീപ് വാര്യർ കോൺഗ്രസിൽ എത്തിയത് ബി.ജെ.പി. വോട്ടിൽ വിള്ളൽ വീഴ്ത്തുമെന്നും കോൺഗ്രസിന് ഉജ്വല ജയം നേടാനാകുമെന്നും യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. ഏറ്റവും മികച്ച സ്ഥാനാർഥിയെന്ന് അവകാശപ്പെട്ട് ബി.ജെ.പിയും വിജയപ്രതീക്ഷയിലാണ്.
പാലക്കാട് നഗരസഭയും പാലക്കാട് താലൂക്കിലെ പിരായിരി, കണ്ണാടി പഞ്ചായത്തുകളും ആലത്തൂർ താലൂക്കിലെ മാത്തൂർ ഗ്രാമപ്പഞ്ചായത്തും ഉൾപ്പെടുന്നതാണ് പാലക്കാട് നിയമസഭാമണ്ഡലം. പാലക്കാട് മണ്ഡലത്തിൽ 1,94,706 വോട്ടർമാരിൽ ഭൂരിപക്ഷം വനിതകളാണ്. 1,00,290 സ്ത്രീകളും 94,412 പുരുഷന്മാരും നാല് ട്രാൻജെൻഡർമാരുമെന്നാണ് കണക്ക്.
അതേസമയം പാലക്കാട്ടെ ഇരട്ട വോട്ടിൽ നടപടി ആവശ്യപ്പെട്ടാണ് ഇടത് മുന്നണി ഇന്ന് കളക്ട്രേറ്റിലേക്ക് മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 10 മണിക്കാണ് മാർച്ച്. 2700 ഓളം ഇരട്ട വോട്ടുകൾ പാലക്കാട് ഉണ്ടെന്നും ഇവ നീക്കം ചെയ്യണമെന്നുമാണ് ആവശ്യം. ബിജെപി ജില്ലാ പ്രസിഡണ്ട് ഹരിദാസൻ അടക്കമുള്ളവരുടെ വോട്ട് ചൂണ്ടിക്കാട്ടിയാണ് ബഹുജന പ്രക്ഷോഭം. കുറ്റക്കാർക്കെതിരെ നടപടിയും ഇടതുമുന്നണി ആവശ്യപ്പെടുന്നു. എന്നാൽ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി സരിൻ വ്യാജരേഖ ഹാജരാക്കിയാണ് വോട്ട് ചേർത്തതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. 2017 ൽ പാലക്കാട് മണ്ഡലത്തിൽ വാങ്ങിയ സ്വന്തം വീടെന്ന് കാട്ടിയാണ് സരിന്റെ പ്രതിരോധം.
Discussion about this post