പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു. ബജറ്റ് സമ്മേളനത്തിൻ്റെ ആദ്യഘട്ടം ഫെബ്രുവരി 13 വരെ നീളും. മാർച്ച് 10 ന് ആരംഭിക്കുന്ന രണ്ടാം ഘട്ടം ഏപ്രിൽ നാല് വരെ തുടരും. വരുന്ന സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെൻ്റിൽ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസാരിച്ചു.
രാവിലെ 11 ന് ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി മരണമടഞ്ഞ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ അനുസ്മരിച്ചു. യുവാക്കളുടെ വിദ്യാഭ്യാസത്തിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. ബാബാസാഹെബ് അംബേദ്കറിനേയും ഭരണഘടനാ സമിതിയിലെ എല്ലാവരേയും പ്രണമിക്കുന്നു. ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി പാർലമെൻ്റിൻ്റെ ഇരുസഭകളേയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
മുൻ സർക്കാരുകളേക്കാൾ മൂന്നിരട്ടി വേഗത്തിലാണ് മൂന്നാം മോദി സർക്കാർ പ്രവർത്തിക്കുന്നത്. ഇടത്തരക്കാരുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മൂന്ന് കോടി കുടുംബങ്ങൾക്ക് പുതിയ വീടുകൾ നിർമിക്കുന്നതിനായി പ്രധാനമന്ത്രി ആവാസ് യോജന വിപുലീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, വഖഫ് ഭേദഗതി ബില്ല് എന്നിവയിലേക്ക് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചു. യുവാക്കളുടെ വിദ്യാഭ്യാസത്തിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. മാസങ്ങൾക്ക് മുൻപ് തന്നെ ആയുഷ്മാൻ പദ്ധതിക്ക് കീഴിൽ 70 വയസിൽ കൂടുതലുള്ള ആറ് കോടി മുതിർന്ന പൗരന്മാർക്ക് ആരോഗ്യ ഇൻഷ്വറൻസ് നൽകാൻ തീരുമാനിച്ചതായും രാഷ്ട്രപതി പറഞ്ഞു.
Discussion about this post