പാർലമെൻ്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങും. അവതരിപ്പിക്കേണ്ട ബില്ലുകളുടെ പട്ടികയിൽ വഖ്ഫ് ബില്ലും ഉൾപ്പെടുത്തിയിട്ടുണ്ട്. സംയുക്ത പാർലമെൻ്ററി സമിതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്രം വഖ്ഫ് ബില്ലിനെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വെള്ളിയാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പാർലമെന്ററി സമിതി അധ്യക്ഷൻ ജഗ ദാംബിക പാലിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ബിൽ സംബന്ധിച്ച കരട് റിപ്പോർട്ട് തയാറാണെന്ന് ജഗദാംബിക പാൽ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അതിനിടെ സമയപരിധി നീട്ടണമെന്നാവ ശ്യപ്പെട്ട് സമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ ഇന്ന് ലോക്സഭാ സ്പീക്കർ ഓം ബിർളയെ കാണും. ചോദ്യങ്ങൾ ഉന്നയിക്കാനും വിശദീകരണം തേടാനും കൂടുതൽ സമയം ആവശ്യമാണെന്നാണ് പ്രതിപക്ഷ അംഗങ്ങൾ വ്യക്തമാക്കുന്നത്. സർവകക്ഷിയോഗത്തിൽ ഡി.എം.കെ അംഗം തിരുച്ചി ശിവ ബിൽ അവതരിപ്പിക്കുന്നതിനെ എതിർത്തു. അതിനിടെ, അദാനിക്കെതിരായ യു.എസി ലെ കുറ്റപത്രത്തിലെ ആരോപണങ്ങളും മണിപ്പൂർ സംഘർഷവും ചർച്ചചെയ്യണമെന്ന് സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവകക്ഷി യേഗത്തിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷപാർട്ടികൾ ആവശ്യപ്പെട്ടു. സമ്മേളനത്തിന്റെ അജൻഡ ഇരുസഭകളുടെയും അധ്യക്ഷൻമാരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി.
അദാനി വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയാറായില്ലെങ്കിൽ പാർലമെന്റ് ബഹള ത്തിൽ മുങ്ങുമെന്നുറപ്പാണ്. ആന്ധ്രാപ്രദേശ് പുനഃസംഘടനാ നിയമപ്രകാരം നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാത്തത് തെലുങ്കുദേശം പാർട്ടിയും ജനസേനാ പാർട്ടിയും യോഗത്തിൽ ഉന്നയിച്ചു. ഡിസം ബർ 20 വരെയാണ് ശീതകാല സമ്മേളനം.
Discussion about this post