പി.വി.അൻവർ എം.എൽ.എ. സ്ഥാനം രാജി വച്ചു. ഇന്ന് രാവിലെ 9.30 ഓടെ സ്പീക്കർ എ.എൻ.ഷംസീറിനെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. സ്പീക്കറെ കണ്ട ശേഷം അൻവർ രാജി സ്ഥിരീകരിച്ചു. കാലാവധി തീരാൻ ഒരു വർഷം ബാക്കിനിൽക്കെയാണ് അൻവറിന്റെ തീരുമാനം.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും യു.ഡി.എഫിന്റെ കോൺഗ്രസ് സ്ഥാനാർഥിക്ക് നിരുപാധിക പിന്തുണ നൽകുമെന്നും രാജിക്കു ശേഷം വാർത്താസമ്മേളനത്തിൽ അൻവർ പറഞ്ഞു. മലപ്പുറം ഡി.സി.സി. പ്രസിഡൻ്റ് വി.എസ്. ജോയിയെ സ്ഥാനാർഥിയാക്കണമെന്നും അൻവർ യു.ഡി.എഫിന് മുന്നിൽ നിർദേശം വച്ചു. കേരളത്തിലെ ജനങ്ങൾക്കും നിലമ്പൂരിലെ വോട്ടർമാർക്കും നന്ദി അറിയിച്ച അൻവർ നിയമസഭയിൽ എത്താൻ സഹായിച്ച എൽ.ഡി.എഫ്. നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞു. 11 ന് തന്നെ രാജിവെക്കുന്ന കാര്യം സ്പീക്കറെ ഇ മെയിൽ മുഖേന അറിയിച്ചിരുന്നു. രാജിവക്കാൻ ഉദ്ദേശിച്ചല്ല കൊൽക്കത്തയിൽ പോയത്. കേരളം നേരിടുന്ന പ്രധാന വിഷയമായ വന്യജീവി പ്രശ്നത്തിൽ ശക്തമായ നിലപാട് പാർലമെന്റിൽ സ്വീകരിക്കണമെന്ന് മമത ബാനർജിയോട് ആവശ്യപ്പെട്ടു. പാർട്ടിയുമായി സഹകരിച്ച് പോയാൽ ദേശീയ തലത്തിൽ പ്രശ്നം ഉന്നയിക്കാമെന്ന് മമത ഉറപ്പ് നൽകി. ഇന്ത്യയിലെ മലയോര മേഖലയിലെ ജനത്തിന് വേണ്ടിയാണ് ഇനി പോരാട്ടം. അതിന് വേണ്ടിയാണ് രാജിയെന്നും രാജിക്ക് നിർദേശിച്ചത് മമതയാണെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒരുപാട് പാപഭാരം ചുമന്ന ആളാണ് താനെന്ന് അൻവർ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ 150 കോടിയുടെ കോഴ ആരോപണം സഭയില്‍ ഉന്നയിച്ചത് പി.ശശി നിര്‍ബന്ധം പിടിച്ചതുകൊണ്ടാണ്. അതും സ്പീക്കറുടെ അറിവോടെ. പിതാവിന് തുല്യം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയേയും കുടുംബത്തേയും സഭയിലിട്ട് ആക്രമിക്കുന്നത് കണ്ടതിന്റെ മാനസിക സംഘര്‍ഷത്തിലാണ് അന്ന് താൻ ആ വിഷയം സഭയില്‍ അവതരിപ്പിച്ചതെന്നും അന്‍വര്‍ പറഞ്ഞു.
പാര്‍ട്ടി ഏല്പിച്ച കാര്യം മാത്രമാണ് താന്‍ ചെയ്തത്. പക്ഷേ, വിജിലന്‍സ് അന്വേഷണത്തില്‍ അതില്‍ കഴമ്പില്ലെന്ന് തെളിഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ ശത്രുവായി അവതരിപ്പിക്കാനാണോ അന്നങ്ങനെ ഒരു പ്ലാനിങ് നടന്നതെന്ന് അറിയില്ല. അന്ന് നടന്ന സംഭവത്തില്‍ വി.ഡി സതീശനുണ്ടായ മാനഹാനിക്ക് കേരളസമൂഹത്തോട് മാപ്പ് പറയുകയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്വതന്ത്ര എം.എൽ.എയായ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. അതുകൂടി മുന്നിൽ കണ്ടാണ് രാജി. അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിൽ യു.ഡി.എഫ് തീരുമാനം എടുത്തിരുന്നില്ല. യു.ഡി.എഫിൽ എടുക്കുന്ന കാര്യത്തിൽ തർക്കങ്ങൾ തുടരുന്നതിനാലാൽ മറ്റൊരിടം തേടിയാണ് അൻവർ ഇപ്പോൾ തൃണൂമൂൽ കോൺഗ്രസിൽ എത്തിയിരിക്കുന്നത്.
Discussion about this post