സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ നിവിന്‍ പോളിക്ക് പൊലീസിന്റെ ക്ലീന്‍ചിറ്റ്. ആരോപിക്കപ്പെട്ട കുറ്റകൃത്യത്തില്‍ നിവിന്‍ പോളിക്ക് പങ്കില്ലെന്നും അതിനാല്‍ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നതായും പൊലീസ് വ്യക്തമാക്കി. സംഭവം നടന്നെന്നു പറയുന്ന ദിവസങ്ങളില്‍ പ്രസ്തുത സ്ഥലത്ത് നിവിന്‍ പോളി ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായതായി പൊലീസ് പറയുന്നു. നിവിന്‍ കുറ്റം ചെയ്തിട്ടില്ലെന്നും അതുകൊണ്ട് കേസിലെ ആറാം പ്രതിയായ നിവിന്‍ പോളിയെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കുന്നെന്നും എറണാകുളം റൂറല്‍ ഡിവൈ.എസ്.പി. കോതമംഗലം ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മറ്റ് പ്രതികള്‍ക്കെതിരായ അന്വേഷണം തുടരും.
എന്നാല്‍ നിവിന്‍ പോളിയെ രക്ഷിച്ചത് പൊലീസിന്റെ ഇടപെടലാണെന്നും പൊലീസുമായി നിവിന്‍പോളിക്ക് അടുത്ത ബന്ധമുണ്ടെന്നും പരാതിക്കാരി ആരോപിച്ചു. അന്വേഷണത്തിന്റെ തുടക്കം മുതല്‍ നിവിന്‍ പോളിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പോലീസിന്റെത്. സംഭവത്തെക്കുറിച്ച് കൃത്യമായ ഒരു മൊഴിയെടുപ്പ് പോലും പ്രത്യേക അന്വേഷണസംഘം നടത്തിയില്ല. നിയമപരമായി തന്നെ മുന്നോട്ടു പോകും. നിവിന്‍ പോളിയെ കുറിച്ച് ഉന്നയിച്ച ആരോപണങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും പരാതിക്കാരി പറഞ്ഞു.
നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിവിന്‍ പോളിക്കെതിരെ പീഡന കേസ് റജിസ്റ്റര്‍ ചെയ്തത്. എറണാകുളം ഊന്നുകല്‍ പൊലീസാണ് കേസെടുത്തിരുന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് നിവിന്‍ പോളി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. കഴിഞ്ഞ ഡിസംബറില്‍ ദുബായില്‍ വച്ച് നിവിന്‍ പോളി പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി നല്‍കിയത്. എന്നാല്‍ പ്രസ്തുത ദിവസങ്ങളില്‍ താന്‍ കേരളത്തില്‍ സിനിമയുടെ ഷൂട്ടിങ് സെറ്റിലായിരുന്നുവെന്ന് നിവിന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post