നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ പാമ്പന്‍ റെയില്‍വേ പാലം ഉടന്‍ ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ദക്ഷിണ റെയില്‍വേ. രണ്ടാഴ്ചയ്ക്കുള്ളില്‍ റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ പാലം പരിശോധിക്കുമെന്നും സുരക്ഷാ കമ്മിഷണറുടെ പരിശോധന കഴിഞ്ഞയുടന്‍ ഉദ്ഘാടന തീയതി പ്രഖ്യാപിക്കുമെന്നും ദക്ഷിണ റയില്‍വേ അറിയിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ രാമനാഥപുരം മണ്ഡപം മുതല്‍ രാമേശ്വരം വരെ കടലിന് മീതേ നിര്‍മിച്ചിരിക്കുന്നത് ഇന്ത്യയിലെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍ പാലമാണ് പാമ്പനിലേത്. പുതിയ പാമ്പന്‍ പാലത്തിന്റെ നിര്‍മാണം 2019 നവംബറില്‍ പ്രഖ്യാപിച്ചപ്പോള്‍, 2022 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ കോവിഡിന്റെ വരവ് പാലത്തിന്റെ നിര്‍മാണം വൈകിപ്പിച്ചു. പാലത്തിന്റെ നിര്‍മാണം റെയില്‍വേ വികാസം നിഗം ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് നടന്നത്.
രാമേശ്വരം തീര്‍ഥാടകര്‍ക്കും ധനുഷ്കോടിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് പുതിയ പാമ്പന്‍ പാലം. പഴയ പാലത്തേക്കാള്‍ മൂന്നു മീറ്റര്‍ കൂടുതലുണ്ട് ഉയരം പുതിയ പാമ്പന്‍ പാലത്തിന്റെ തൂണുകള്‍ക്ക് ഉണ്ട്.
ട്രെയിന്‍ നിയന്ത്രണ സംവിധാനങ്ങളുമായി ബന്ധിപ്പിച്ചാണ് പാലത്തിലെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സംവിധാനം പ്രവര്‍ത്തിക്കുക. ബോട്ടുകളും കപ്പലുകളും കടന്നു പോകുമ്പോള്‍ പാലം കുത്തനെ ഉയര്‍ത്തുകയും ട്രെയിന്‍ പോവേണ്ട സമയത്ത് താഴ്ത്തുകയും ചെയ്യും. പാമ്പന്‍ പാലത്തിന്റെ നടുവിലായുള്ള 72.5 മീറ്റര്‍ ഭാഗമാണ് ഇങ്ങനെ ഉയര്‍ത്തുക. 22 മീറ്റര്‍ വരെ ഉയരമുള്ള കപ്പലുകള്‍ക്ക് പാലത്തിനടിയിലൂടെ കടന്നു പോവാനാവും. 18.3 മീറ്റര്‍ അകലത്തിലുള്ള 100 തൂണുകളും നടുവിലായി 63 മീറ്ററുള്ള നാവിഗേഷന്‍ സ്പാനുമാണ് പുതിയ പാലത്തിലുള്ളത്.
1914 ലാണ് മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിച്ചുകൊണ്ട് കടല്പാലം വരുന്നത്. നൂറ്റാണ്ടിലേറെ പഴക്കമുള്ള, രണ്ടു കിലോമീറ്ററിലേറെ നീളമുള്ള പാമ്പന്‍ പാലം രാജ്യത്തെ ഏറ്റവും നീളമുള്ള കടല്‍പാലമാണ്. കാലപ്പഴക്കം മൂലം അറ്റകുറ്റപ്പണികള്‍ അസാധ്യമായതോടെയാണ് പഴയ പാമ്പന്‍ പാലത്തിന് സമാന്തരമായി പുതിയ പാമ്പന്‍ പാലത്തിന്റെ പണി ആരംഭിച്ചത്.
നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പാലമാണ് പാമ്പന്‍ പാലം. 1915ല്‍ തുറന്നുകൊടുത്ത ഈ പാലത്തിലൂടെയാണ് ശ്രീലങ്കയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ പോയിരുന്നത്. ഇന്ന് രാമേശ്വരം വരെയാണ് തീവണ്ടിയെങ്കില്‍ അന്ന് ധനുഷ്കോടി വരെ തീവണ്ടി എത്തിയിരുന്നു. ധനുഷ്കോടിയില്‍നിന്നു 16 കിലോമീറ്റര്‍ മാത്രമാണ് ശ്രീലങ്കയിലേക്കുള്ള ദൂരം. 1964 ഡിസംബര്‍ 22 നുണ്ടായ ചുഴലിക്കാറ്റ് ധനുഷ്കോടിയെ വീണ്ടെടുക്കാനാവാത്തവിധം തകര്‍ത്തുകളഞ്ഞു. അന്ന് 115 യാത്രികരുള്ള ഒരു ട്രെയിന്‍ പോലും കടലെടുത്തു. പട്ടണവും റോഡും റെയില്‍വേപ്പാളവും നശിച്ചു. പാമ്പന്‍ പാലത്തിനും സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും കപ്പലുകള്‍ വരുമ്പോള്‍ തുറക്കുന്ന ഭാഗത്തിന് തകരാറുണ്ടായില്ല. 1988 ല്‍ റെയില്‍വേ ട്രാക്കിനു സമാന്തരമായി റോഡു വഴിയുള്ള പാലം വരുന്നതു വരെ രാമേശ്വരത്തുള്ളവര്‍ക്ക് വന്കരയുമായുള്ള ഏകബന്ധം ഈ പാമ്പന്‍ പാലമായിരുന്നു.
Discussion about this post