വടകരയില്‍ ഒന്‍പത് വയസുകാരിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം കണ്ടെത്തിയെന്ന് പൊലീസ്. പുറമേരി സ്വദേശിയായ ഷജീല്‍ ഓടിച്ച കാറാണ് ഇടിച്ചതെന്ന് വടകര റൂറല്‍ എസ്.പി. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാഹനമിടിച്ച് തലശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫിസിന് സമീപം താമസിക്കുന്ന 62കാരി പുത്തലത്ത് ബേബി മരിക്കുകയും മകളുടെ മകളായ ഒന്‍പത് വയസുകാരി ദൃഷാന ഗുരുതരമായി പരുക്കേറ്റ് കോമയിലാവുകയും ചെയ്തിരുന്നു. കോമയില്‍ കഴിയുന്ന കുട്ടിയുടെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ സ്ഥിരതാമസമാണ് കുടുംബം.
അശ്രദ്ധമായി വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയുമായിരുന്നു. അപകടം നടന്നശേഷം പിടിക്കപ്പെടുമെന്ന് കരുതി രക്ഷപ്പെട്ടതാണെന്നും പിന്നിട് കാര്‍ രൂപമാറ്റം വരുത്തിയെന്നും റൂറല്‍ എസ്.പി. പറഞ്ഞു. അന്ന് പൊലീസിന് കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇന്‍ഷൂറന്‍സ് ക്ലയിം ചെയ്യാന്‍ വന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ കാറാണെന്ന് വ്യക്തമായത്.
ഈവര്‍ഷം ഫെബ്രുവരി 17ന് രാത്രി വടകരയ്ക്കു സമീപം ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിലാണ് അപകടമുണ്ടായത്. രാത്രി ഒമ്പതുമണിയോടെ ചോറോടിലെ ബന്ധുവീട്ടിലേക്ക് പോകാനായി ബസിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് വെള്ളനിറത്തിലുള്ള കാര്‍ ഇരുവരെയും ഇടിച്ചുവീഴ്ത്തിയത്. കാര്‍ നിര്‍ത്താതെ പോയി.ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബേബി മരിച്ചു. ദൃഷാന അബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന. അപകടം നടന്നശേഷം പൊലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിരുന്നെങ്കിലും തെളിവൊന്നും കിട്ടിയിരുന്നില്ല. പിന്നീട് അന്വേഷണം ഇഴഞ്ഞു. ഇതോടെ ബന്ധുക്കള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുളളവര്‍ക്ക് പരാതി നല്കി. തുടര്‍ന്നാണ് വീണ്ടും അന്വേഷണം ഊര്‍ജിതമായത്.
Discussion about this post