കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ കൊലപാതകം ചുമത്തപ്പെട്ട പത്ത് പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് കോടതി ഇരട്ടജീവപര്യന്തം വിധിച്ചിരിക്കുന്നത്. കേസില്‍ പ്രതികളായ മുന്‍ എം.എല്‍.എ. കെ.വി കുഞ്ഞിരാമന് അടക്കം നാല് സി.പി.എം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
ആറുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് ഇരട്ടക്കൊലക്കേസില്‍ വിധിവരുന്നത്.
ഒന്നാം പ്രതി എ.പീതാംബരന് ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെയാണ് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നു മുതല്‍ എട്ടുവരെ പ്രതികളായ എ.പീതാംബരന്, സജി സി.ജോര്‍ജ്, കെ.എം.സുരേഷ്, കെ.അനില്‍കുമാര്‍ (അബു), ഗിജിന്‍, ആര്. ശ്രീരാഗ് (കുട്ടു), എ. അശ്വിന് (അപ്പു), സുബീഷ് (മണി), പത്താം പ്രതി ടി. രഞ്ജിത്ത്(അപ്പു), 15-ാം പ്രതി എ.സുരേന്ദ്രന് എന്നിവര്‍ക്കെതിരെയാണ് ജീവപര്യന്തം വിധിച്ചത്. ഇവര്‍ക്ക് രണ്ട് കുറ്റകൃത്യങ്ങളിലായി രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു.
മുന്‍ എം.എല്‍.എ. കെ.വി.കുഞ്ഞിരാമന് ഉള്‍പ്പടെ നാലു പ്രതികളെ അഞ്ചുവര്‍ഷം കഠിനതടവിന് കോടതി ശിക്ഷിച്ചു. 4-ാം പ്രതി കെ. മണികണ്ഠന്, 20-ാം പ്രതി മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്, 21-ാം പ്രതി രാഘവന് വെളുത്തോളി, 22-ാം പ്രതി കെ.വി. ഭാസ്കരന് എന്നിവരെയാണ് അഞ്ച് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരിക്കുന്നത്.
കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് എറണാകുളത്തെ സി.ബി.ഐ. പ്രത്യേക കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
Discussion about this post