പേരിയ ഇരട്ടക്കൊലക്കേസിൽ ഒന്ന് മുതൽ എട്ട് വരെ പ്രതികളടക്കം 14 പേരെ കോടതി കുറ്റക്കാരായി കണ്ടെത്തി. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടു. കുറ്റക്കാർക്കുള്ള ശിക്ഷ ജനുവരി മൂന്നിന് പ്രസ്താവിക്കും.
ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സി.ബി.ഐ. കോടതി വിധിച്ചു. ശിക്ഷിക്കപ്പെട്ട 14 പേരിൽ ആറ് പേർ സി.പി.എമ്മിന്റെ പ്രധാന നേതാക്കളാണ്.
കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകൻ സി.പി.എം. പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ പീതാംബരൻ, കൊലപാതകം കൃത്യം നടത്തിയ സജി സി. ജോർജ് (സജി), കെ.എം. സുരേഷ്, കെ. അനിൽ കുമാർ (അബു), ജിജിൻ, ആർ. ശ്രീരാഗ് (കുട്ടു), എ. അശ്വിൻ (അപ്പു), സുബീഷ് (മണി) എന്നിവർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. ടി. രഞ്ജിത്ത്, കെ. മണികണ്ഠൻ (ഉദുമ മുൻ ഏരിയ സെക്രട്ടറി), കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ. സുരേന്ദ്രൻ (വിഷ്ണു സുര), കെ.വി. കുഞ്ഞിരാമൻ (ഉദുമ മുൻ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവൻ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവർ.
രണ്ട് വർഷത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിൽ 2021 ഡിസംബർ 3 ന് സി.ബി.ഐ. അന്വേഷണ സംഘം കൊച്ചിയിലെ സി.ബി.ഐ. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സി.പി.എം നേതാവും ഉദുമ മുൻ എം.എൽ.എയുമായ കെ.വി.കുഞ്ഞിരാമനടക്കം 24 പ്രതികളാണ് കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്. 2023 ഫെബ്രുവരി 2 നാണ് കൊച്ചി സി.ബി.ഐ. കോടതിയിൽ വിചാരണ തുടങ്ങിയത്. 2024 ഡിസംബർ 23 ന് കേസ് പരിഗണിച്ച സി.ബി.ഐ. കോടതി ഇന്ന് വിധി പ്രസ്താവിക്കുമെന്ന് അറിയിച്ചിരുന്നു.
Discussion about this post