പൊലീസ് തലപ്പത്ത് എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പി.വിജയൻ രംഗത്തെത്തി. എം.ആർ.അജിത്കുമാർ തനിക്കെതിരെ കള്ളമൊഴി നൽകിയെന്നാണ് ഇന്റലിജൻസ് എഡിജിപി പി.വിജയന്റെ പരാതി. തനിക്കു കരിപ്പൂരിലെ സ്വർണക്കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് എം.ആർ.അജിത്കുമാർ നൽകിയ മൊഴി കള്ളമാണെന്നും കേസെടുക്കണമെന്നും പി.വിജയൻ ഡി.ജി.പി എസ്.ദർവേഷ് സാഹിബിനു മൂന്നാഴ്ച മുൻപ് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടെന്നാണു വിവരം.
സാധാരണനിലയിൽ ഇത്തരം ഡി.ജി.പിക്കു പരാതികളിൽ ഡി.ജി.പിക്കു തന്നെ നടപടിയെടുക്കാമെങ്കിലും ഉന്നത തസ്തികയിൽ ഇരിക്കുന്ന രണ്ട് മുതിർന്ന ഓഫിസർമാർ തമ്മിലുള്ള പ്രശ്നമായതിനാൽ പരാതി ആഭ്യന്തരവകുപ്പിനു കൈമാറിയിട്ടുണ്ട്.
എം.ആർ.അജിത്‌കുമാറിനെതിരെ പി..വി.അൻവർ എം.എൽ.എ. ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്താൻ സർക്കാർ നിയോഗിച്ച ഡി.ജി.പി. എസ്.ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിക്കായിരുന്നു അജിത്കുമാർ ഇന്റലിജന്റ്സ് എ.ഡി.ജി.പി. പി.വിജയനെതിരെ മൊഴി നൽകിയത്. പി.വിജയനും തീവ്രവാദവിരുദ്ധ സേനയിലെ ചില അംഗങ്ങൾക്കും സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് എസ്.പി.സുജിത് ദാസ് തന്നോടു പറഞ്ഞിട്ടുണ്ടെന്നായിരുന്നു മൊഴി. എന്നാൽ ഇത്തരം ഒരു വിവരവും അജിത്കുമാറിനോടു പറഞ്ഞിട്ടില്ലെന്നായിരുന്നു സുജിത് ദാസിൻ്റെ മറുപടി.
ഐ.ജിയായിരുന്നപ്പോൾ പി.വിജയൻ സസ്പെൻഷനിലാകാൻ കാരണം ക്രമസമാധാന ചുമതലയുണ്ടായിരുന്നപ്പോൾ എം.ആർ.അജിത്കുമാർ നൽകിയ റിപ്പോർട്ടാണ്. കോഴിക്കോട് ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെ മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന യാത്രാ വിവരങ്ങൾ ചോർത്തി നൽകിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പി.വിജയൻ നടപടി നേരിട്ടത്. ആ നടപടിക്ക് പിന്നാലെ അതേക്കുറിച്ച് അന്വേഷിച്ച് അച്ചടക്ക നടപടിയുടെ ഭാഗമായി അന്വേഷണം നടത്തിയെങ്കിലും എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ട് തള്ളിക്കൊണ്ടാണ് പി.വിജയനെ സർവീസിൽ തിരിച്ചെടുത്തത്. പിന്നീട് അദ്ദേഹത്തിന് ഇന്റലിജൻസ് എ.ഡി.ജി.പിയായി പ്രമോഷനും നൽകി.
Discussion about this post