തിരുവനന്തപുരത്ത് പോത്തൻകോട് അറുപത്തിയഞ്ചുകാരി തങ്കമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ പോത്തൻകോട് സ്വദേശിയായ തൗഫീഖ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്സോ ഉൾപ്പെടെ നിരവധി കേസുകളിൽ തൗഫീഖ് പ്രതിയാണ്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വിട്ടിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൃത്യം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പ്രതിയെ പിടികൂടുകയത്.
ഇന്ന് രാവിലെ സഹോദരിയാണ് തങ്കമണിയെ ആദ്യം മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തങ്കമണി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. സഹോദരി വീട്ടിലെത്തിയപ്പോഴാണ് തങ്കമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തങ്കമണിയുടെ വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. മുഖത്ത് നഖം കൊണ്ട് മുറിവേറ്റിരുന്നു. പ്രതിയെന്ന് സംശയിക്കുന്നയാൾ നടന്നുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതേ തുടർന്ന് അന്വേഷണം വ്യാപകമാക്കി. തുടർന്നാണ് തൗഫീഖിലേക്ക് എത്തുന്നത്. രാജാജി നഗറിൽ നിന്ന് കുഞ്ഞുമോൻ എന്നയാളുടെ ബൈക്ക് മോഷ്ടിച്ചാണ് പ്രതി സംഭവ സ്ഥലത്ത് എത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബൈക്ക് മോഷ്ടിച്ചതിന് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
Discussion about this post