പ്രതിപക്ഷ പാര്‍ടികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ശീതകാല സമ്മേളനത്തിന്റെ മൂന്നാം ദിവസവും പാര്‍ലമെന്റിന്റെ ഇരു സഭകളും നിര്‍ത്തിവച്ചു. ഗൗതം അദാനി, അനന്തരവന് സാഗര്‍ അദാനി, അദാനി ഗ്രീന്‍ എംഡി വിനീത് ജയിന് എന്നിവര്‍ക്കെതിരായി യു.എസ് നീതിന്യായവകുപ്പ് അഴിമതി, കോഴ തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ചുമത്തിയ കേസില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷകക്ഷികള്‍ ഉന്നയിച്ചിരുന്നു. ഇന്ത്യയില്‍ വന്‍ സാധ്യതകളുള്ള സൗരോര്‍ജ ഉല്‍പ്പാദന, വിതരണ മേഖലയില്‍ വന്‍കിട പദ്ധതികള്‍ തുടങ്ങുന്നതിനുവേണ്ടി 300 കോടി ഡോളറാണ് (25,200 കോടി രൂപ) അമേരിക്കയിലെ ബാങ്കുകള്‍ മുഖേനയും നിക്ഷേപകരില്‍നിന്നും അദാനി ഗ്രൂപ്പ് സമാഹരിച്ചത്. ഇത്തരത്തില്‍ സൗരോര്‍ജ ഉല്‍പ്പാദന, വിതരണ കരാറുകള്‍ നേടുന്നതിനായി ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അദാനി 265 ദശലക്ഷം ഡോളര്‍ (ഏകദേശം 2029 കോടി രൂപ) കൈക്കൂലിയായി നല്‍കിയെന്നാണ് ന്യൂയോര്‍ക്ക് കോടതിയില്‍ പ്രോസിക്യൂഷന് ആരോപിക്കുന്നത്. 2020നും 2024നും ഇടയിലാണ് ഈ കൈക്കൂലി നല്‍കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇക്കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യണം എന്നും അദാനി വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
Discussion about this post