തനിക്കേറ്റവും പ്രിയപ്പെട്ട എം.ടിയെ കാണാൻ നടൻ മോഹൻലാൽ എത്തി. അവസാനമായി എം.ടിയെ ഒരു നോക്ക് കാണാൻ അതിരാവിലെ അഞ്ച് മണിയോടെ കോഴിക്കോട് സിതാരയിൽ എത്തിയ മോഹൻലാൽ എം.ടി. വാസുദേവൻ നായർക്ക് അന്തിമോപചാരം അർപ്പിച്ചു. സംവിധായകൻ ടി.കെ.രാജീവ് കുമാർ അടക്കമുള്ളവർ മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു.
കൊച്ചിയിലായിരുന്ന മോഹൻലാൽ മരണവിവരമറിഞ്ഞ് രാത്രി തന്നെ കോഴിക്കോട്ടേക്ക് പുറപ്പെടുകയായിരുന്നു.
‘ഒരുപാട് വർഷത്തെ ബന്ധമുണ്ട്. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്നയാളാണ് എം.ടി. അമൃതംഗമയ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ സംവിധാനത്തിൽ എനിക്ക് അഭിനയിക്കാൻ സാധിച്ചു. പരസ്പരം വളരെ അധികം സ്നേഹമുള്ള ആൾക്കാരായിരുന്നു. അവസാനം ചെയ്‌ത ഓളവും തീരവും എന്ന ചിത്രത്തിന്റെ സെറ്റിൽ എം.ടി. വരികയും ഒരുപാട് സംസാരിക്കുകയും ചെയ്തു. എന്റെ സംസ്കൃത നാടകങ്ങൾ കാണാനായി മുംബൈയിൽ വരികയൊക്കെ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ തൂലികയിലൂടെ സൃഷ്ടിച്ചെടുത്ത ഒരുപാട് നല്ല കഥാപാത്രങ്ങൾ അഭിനയിക്കാൻ സാധിച്ചു.’ – മോഹൻലാൽ പറഞ്ഞു.
Discussion about this post