ഫയലുകള്‍ ഇപ്പോഴും കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടെന്നും അത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ വലിയ ശ്രമം നടത്തുമെന്നും അതിനായി സെക്രട്ടേറിയറ്റിലും മറ്റ് ഓഫീസുകളിലും ഇടപെടലുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നടന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഫയലുകളും പരാതികളും തീര്‍പ്പാക്കാന്‍ വഴിവിട്ട നടപടികള്‍ക്ക് അവകാശമുണ്ടെന്ന തരത്തിലുള്ള പെരുമാറ്റം സര്‍ക്കാര്‍ ഓഫീസുകളില്‍ അംഗീകരിക്കില്ല. ജനങ്ങളുടെ ദാസന്മാരായാണ് വിവിധ ഓഫീസുകളിലുള്ള ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കേണ്ടത്. പ്രശ്ന പരിഹാരത്തിനായി ജനങ്ങള്‍ ബുദ്ധിമുട്ടരുത്. സേവനം ജനങ്ങളുടെ അവകാശമാണ്. അതിനാലാണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ വേളയില്‍ ഓരോ ഫയലിനു പിന്നിലും ഒരു ജീവിതമുണ്ടെന്ന് ജീവനക്കാരെ ഓര്‍മപ്പെടുത്തിയത്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേഗതക്കുറവെന്ന പരാതിയുണ്ടാകാതെ കാര്യങ്ങള്‍ തീര്‍പ്പാക്കണം. ഉദ്യോഗസ്ഥര്‍ അര്‍പ്പണബോധത്തോടെ കാര്യങ്ങള്‍ നിര്‍വഹിക്കണം.
ജനങ്ങളെ സഹായിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ശക്തിപ്പെടുത്തും. 800 ലധികം സേവനങ്ങള്‍ നേരത്തെ ഓണ്‍ലൈന്‍ ആക്കിയിരുന്നു. ഏറ്റവും അധികം ജനങ്ങള്‍ സഹായം തേടിയെത്തുന്ന പഞ്ചായത്ത്, റവന്യു തലത്തിലാണ് കൂടുതല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ നടപ്പാക്കിയത്. ജനങ്ങള്‍ക്കായി നടപ്പാക്കുന്ന നല്ല കാര്യങ്ങള്‍ അവര്‍ അറിഞ്ഞു പോയാല്‍ സര്‍ക്കാരിന് ഗുണകരമായാലോ എന്ന് ചിന്തിക്കുന്ന ചിലരുണ്ട്. ആരോഗ്യകരമായ സമീപനങ്ങളെ സ്വീകരിക്കുകയും കലവറയില്ലാത്ത സഹകരണം നല്‍കുകയും ചെയ്യുന്ന നടപടി നമ്മുടെ നാട്ടില്‍ സംഭവിക്കാറില്ല. ചിലരുടെ താത്പര്യം സംരക്ഷിക്കുന്ന പ്രത്യേകതരത്തിലെ പ്രചാരണമാണ് അത്തരം സന്ദര്‍ഭങ്ങളില്‍ നടക്കുക. നെഗറ്റീവ് ചിന്തയും നിഷേധാത്മക നിലപാടും വളര്‍ത്തിക്കൊണ്ടുവരികയാണ് അത്തരക്കാരുടെ ലക്ഷ്യം. എന്നാല്‍ ജനങ്ങള്‍ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വിധിയെഴുത്തു നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മേനംകുളം വില്ലേജിലെ ഷൈലജയ്ക്ക് കരമടയ്ക്കാന്‍ അനുമതി നല്കിയ ഉത്തരവിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ടൈം സ്വീപ്പറായ ബേബിയുടെ മകന് ജയകുമാറിന് ആശ്രിത സര്‍ട്ടിഫിക്കറ്റ്, താഹിറ ബീവിയ്ക്ക് ഗുരുതരരോഗങ്ങള്‍ക്കുള്ള ചികിത്സാ സഹായം ലഭിക്കുന്നതിന് അന്ത്യോദയ അന്നയോജന കാര്‍ഡ് എന്നിവ മുഖ്യമന്ത്രി ചടങ്ങില്‍ കൈമാറി.ഭക്ഷ്യമന്ത്രി ജി ആര് അനില്‍ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, എംഎല്‍എമാരായ ആന്റണിരാജു, കടകംപള്ളി സുരേന്ദ്രന്, അഡ്വ. വി കെ പ്രശാന്ത്, വി ജോയ്, അഡ്വ. വി ശശി, മേയര്‍ ആര്യാ രാജേന്ദ്രന്, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ കളക്ടര്‍ അനുകുമാരി സ്വാഗതവും സബ് കളക്ടര്‍ ഒ വി ആല്‍ഫ്രഡ് നന്ദിയും പറഞ്ഞു.
Discussion about this post